പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 29-ന് ആരംഭിക്കും

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെ നടക്കും. തിങ്കളാഴ്ച്ച ചേര്‍ന്ന പാര്‍ലമെന്ററി കാര്യ ക്യാബിനറ്റ് കമ്മിറ്റിയാണ് തിയതികള്‍ അംഗീകരിച്ച് സമ്മേളനം വിളിക്കാന്‍ രാഷ്ട്രപതിയ്ക്ക് ശിപാർശ നല്‍കിയത്.

25 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 19 സിറ്റിംഗുകൾ ഉണ്ടാകും. കഴിഞ്ഞ ഒന്നര വര്‍ഷമായി നടന്നിരുന്നത് പോലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടപടിക്രമങ്ങള്‍.

പകര്‍ച്ചവ്യാധി കാരണം, 2020 ല്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനം ഉണ്ടായിരുന്നില്ല. സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന മണ്‍സൂണ്‍ സമ്മേളനം കോവിഡ് -19 മൂലം സെപ്റ്റംബര്‍ 23 ന് മാറ്റിവെയ്ക്കുകയും ചെയിതിരുന്നു.

പെഗാസസ് സ്‌പൈവെയര്‍ പ്രശ്നവും വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിന് വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളും ഈ വർഷം ആദ്യം നടന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധവും ബഹളവും കാരണം സമ്മേളനം രണ്ടു ദിവസം മുമ്പേ തന്നെ നിര്‍ത്തി വെയ്ക്കപ്പെട്ടു.

വിലക്കയറ്റം, ലഖിംപൂര്‍ ഖേരിയിലെ അക്രമം, കാശ്മീരിലെ ഭീകരാക്രമണം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രതിഷേധം തുടങ്ങിയ വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ചോദ്യമുയര്‍ത്താന്‍ സാധ്യത ഉള്ളതിനാൽ ഇത്തവണത്തെ ശീതകാല സമ്മേളനം ചൂടേറിയതായിരിക്കും. പെഗാസസ് വിഷയത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടതിനാല്‍ ഈ വിഷയവും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിക്കും.

പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം മൂലം ജനങ്ങള്‍ക്ക് നേരിടേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചോദ്യങ്ങൾ മണ്‍സൂണ്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. 100 കോടിയോളം വാക്‌സിനുകള്‍ വിതരണം ചെയ്തു എന്ന നാഴികകല്ല് സര്‍ക്കാര്‍ ഇത്തവണ സമ്മേളനത്തിൽ എടുത്തുപറയും.