ആദായനികുതി ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

 

ആദായനികുതി നിയമങ്ങൾ ഭേദഗതി ചെയ്യാനും മുൻകാല പ്രാബാല്യത്തോടെയുള്ള നികുതി ഒഴിവാക്കാനുമുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. വോഡഫോൺ, കെയ്‌ൻ എനർജി പിഎൽസി എന്നിവയ്‌ക്കെതിരെ മുൻകാല പ്രാബാല്യത്തോടെ നികുതി ചുമത്തിയതിനെതിരെ ഉള്ള കേസിൽ കേന്ദ്രത്തിന് തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് ബിൽ അവതരിപ്പിച്ചത്. രണ്ട് കേസുകളിലെയും വിധിയെ കേന്ദ്രം വെല്ലുവിളിച്ചെങ്കിലും, മുൻകാല പ്രാബാല്യത്തോടെയുള്ള നികുതി സംബന്ധിച്ച പ്രശ്നം രാജ്യത്ത് നിരവധി ചോദ്യങ്ങൾ ഉയർത്തിയിരുന്നു.

മുൻകാല നികുതികൾ ഒഴിവാക്കാൻ 1961 ലെ ആദായ നികുതി നിയമം ഭേദഗതി ചെയ്യാനാണ് പുതിയ ബിൽ നിർദ്ദേശിക്കുന്നത്. പ്രസ്തുത നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ 2012 മേയ് 28 -ന് മുമ്പാണ് ഇടപാട് നടത്തിയിട്ടുള്ളതെങ്കിൽ ഇന്ത്യൻ സ്വത്തുക്കളുടെ പരോക്ഷമായ കൈമാറ്റത്തിന് ഭാവിയിൽ നികുതി ആവശ്യം ഉന്നയിക്കില്ല.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2012 മേയ് 28നാണ് ധനകാര്യ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. ഈ നിയമം തുടരുന്നത് സാമ്പത്തിക പുരോഗതിയെയും വിദേശ നിക്ഷേപത്തെയും ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിയമഭേദഗതി.