വിദ്യാർത്ഥികളുടെ ദുരിതത്തിന് നേരെ സർക്കാർ കണ്ണടയ്ക്കുന്നു: നീറ്റ് പരീക്ഷ നീട്ടി വെയ്ക്കണമെന്ന് രാഹുൽ ഗാന്ധി

സെപ്റ്റംബർ 12 ന് നടത്താനിരിക്കുന്ന നീറ്റ് പരീക്ഷ നീട്ടിവെയ്ക്കാൻ വിസമ്മതിച്ച സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. വിദ്യാർത്ഥികളുടെ ദുരിതത്തിന് നേരെ സർക്കാർ കണ്ണടയ്ക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

“വിദ്യാർത്ഥികളുടെ ദുരിതത്തിന് നേരെ സർക്കാർ കണ്ണടയ്ക്കുകയാണ്. നീറ്റ് പരീക്ഷ മാറ്റിവെയ്ക്കുക. അവർക്ക് ന്യായമായ അവസരം ലഭിക്കട്ടെ.” ഹൃസ്വമായ ട്വീറ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു.

നീറ്റ് പരീക്ഷ മാറ്റിവെയ്ക്കാനുള്ള ഹർജികൾ തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. പരീക്ഷാ പ്രക്രിയയിൽ ഇടപെടാൻ താത്പര്യമില്ലെന്നും പരീക്ഷ പുനഃക്രമീകരിക്കുകയാണെങ്കിൽ ഭൂരിഭാഗം വിദ്യാർത്ഥികളോടും ചെയ്യുന്ന അന്യായമാണെന്നും കോടതി പറഞ്ഞു.

സിബിഎസ്ഇ വിദ്യാർത്ഥികൾക്കുള്ള കംപാർട്ട്മെന്റ് പരീക്ഷകൾ ഉൾപ്പെടെയുള്ള മറ്റ് പരീക്ഷകൾ നടക്കുന്ന തിയതിയിലാണ് നീറ്റ് പരീക്ഷ വെച്ചിരിക്കുന്നത് എന്ന് ഇന്നലെ ഹർജിക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. എന്നാൽ ഓരോ വർഷവും 16 ലക്ഷത്തിലധികം വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ എഴുതുന്നുവെന്നും ഹർജിക്കാരായ കുറച്ച് വിദ്യാർത്ഥികളുടെ അപേക്ഷയിൽ പരീക്ഷ മാറ്റിവെയ്ക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.