അരവിന്ദ് കെജ്‌രിവാളിന് നിർണായകം; ഹർജി ഡൽ​ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഡൽ​ഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാപ്പ് സാക്ഷികളായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്‌രിവാളിൻ്റെ വാദം. ഹർജിയെ എതിർത്ത് ഇഡി സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സ്വർണ കാന്ത മിശ്ര അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് കേസ് പരിഗണിക്കുക.

അതേസമയം തിഹാറിലെ ആദ്യദിവസം അരവിന്ദ് കേജ്‌രിവാളിന് അസ്വസ്ഥതകളുണ്ടായി. ഉറങ്ങാത്തതിനാൽ ശരീരത്തിലെ ഷുഗർ നില താണു പല അസ്വസ്ഥതകൾക്കും കാരണമായി. ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്നു മരുന്നു നൽകിയെന്നു തിഹാർ ജയിൽ അധികൃതർ പറയുന്നു. കഴിഞ്ഞ മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിച്ചുള്ള അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റിമാൻഡ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ‌കെജ്‌രിവാളിൻ്റെ ഹർജിയിലെ പ്രധാന ആവശ്യം. കേസിലെ പ്രതികളും പിന്നീട് മാപ്പ് സാക്ഷികളായവരുമായ വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അറസ്റ്റ്.

ലോക്സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ അറസ്റ്റ് പാർട്ടിയെയും തന്നെയും ദുർബലപ്പെടുത്താൻ ആണെന്നായിരുന്നു കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ കെജ്‌രിവാളിൻ്റെ വാദം. ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇഡിയുടെ സത്യവാങ്മൂലം. ഒൻപത് തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് നിർബന്ധിതമായതെന്ന് ഇഡി വ്യക്തമാക്കി.

ഈ മാസം 15 വരെ കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് കെജ്‌രിവാളിനെ തിഹാറിലേക്കു മാറ്റിയത്. ഇന്നലെ ഭാര്യ സുനിതയും മക്കളുമെത്തി അദ്ദേഹത്തെ കണ്ടു. മാര്‍ച്ച് 21ന് അറസ്റ്റിലായതിനു ശേഷം കെജ്‌രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞായി എഎപി വൃത്തങ്ങള്‍ വ്യക്തമാക്കി.