സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് കശ്‌മീരിലേക്ക് തിരികെ പോകാം: സുപ്രീം കോടതി

Advertisement

 

സി.പി.എം നേതാവും ജമ്മു കശ്മീർ മുൻ എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് തിരികെ കശ്മീരിൽ പോകാമെന്ന് സുപ്രീം കോടതി. തരിഗാമിക്ക് ഇതിനായി എന്തെങ്കിലും പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഡൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) ആശുപത്രിയിൽ ചികിത്സയിലായിരുന്നു തരിഗാമിക്ക് ഡോക്ടർമാർ അനുവദിക്കുകയാണെങ്കിൽ മടങ്ങിപ്പോകാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സെപ്റ്റംബർ ഒൻപതിനാണ് തരിഗാമിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഡൽഹിയിലെ ജമ്മു കശ്മീർ ഗസ്റ്റ് ഹൗസിൽ കരുതൽ തടങ്കലിലാണ് തരിഗാമിയെന്ന് ആരോപണം ഉണ്ടായിരുന്നു.

ഹർജി പരിഗണിച്ച കോടതി എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആവശ്യം എന്ന് ആരാഞ്ഞു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാമചന്ദ്രനാണ് ഇതിന് മറുപടി നൽകിയത്. “തരിഗാമി ഇസെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ്. കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ വാഹനങ്ങൾ പിൻവലിക്കുകയും യാത്ര ചെയ്യാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു,” എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

തരിഗാമിയുടെ ആരോഗ്യനില എന്താണെന്ന് കോടതി ഇതിന് പിന്നാലെ ചോദിച്ചു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതായി അഭിഭാഷകൻ മറുപടി നൽകി. ആരോഗ്യസ്ഥിതി അനുവദിക്കുന്നുവെങ്കിൽ തരിഗാമിക്ക് തിരികെ പോകാമെന്ന് കോടതി വ്യക്തമാക്കി.