പുതിയ ശബ്ദരേഖ പുറത്തുവിട്ട് അണ്ണാമലൈ, ലക്ഷ്യം സ്റ്റാലിനും ധനമന്ത്രിയും; തമിഴ്നാട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് തുടരുന്നു

തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും ധനമന്ത്രി പളനിവേൽ ത്യാഗരാജനേയും ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ വീണ്ടും രംഗത്ത്. ഇത്തവണ ധനമന്ത്രിയുടേത് എന്ന് അവകാശപ്പെടുന്ന പുതിയ ശബ്ദരേഖ പുറത്തുവിട്ടാണ് അണ്ണാമലൈയുടെ നീക്കം.

എം കെ സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മരുമകൻ ശബരീശൻ എന്നിവരെപ്പറ്റി പളനിവേൽ ത്യാഗരാജൻ സംസാരിക്കുന്ന ശബ്ദരേഖയാണിതെന്നാണ് അവകാശവാദം. അഴിമതിപ്പണം കൈകാര്യം ചെയ്യുന്നത് ഉദയനിധി സ്റ്റാലിനും ശബരീശുമാണെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.ബിജെപിയെ കുറിച്ചും പരാമർശിക്കുന്നുണ്ട്. എന്നാൽ ഇത് വ്യാജമായി സൃഷ്ടിച്ചതാണെന്നാണ് ധനമന്ത്രിയുടെ വാദം.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്‍റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നും, സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ജി സ്ക്വയർ റിലേഷൻസെന്നും അണ്ണാമലൈ നേരത്തെ ആരോപിച്ചിരുന്നു. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോൺ സംഭാഷണമാണ് ആദ്യം പുറത്തുവിട്ടത്.

അതേ സമയം തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിലായി ആദായ നികുതി വകുപ്പിന്റെ പരിശോധന മൂന്നാം ദിവസവും തുടരുകയാണ്. പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിന്റെ വിവിധ ഓഫീസുകളിലാണ് പരിശോധന.സ്റ്റാലിന്‍റെ വിശ്വസ്ഥനായ അണ്ണാ നഗർ എംഎൽഎ എം.കെ.മോഹന്‍റെ വീട്ടിൽ ഇന്നും പരിശോധന നടക്കുന്നുണ്ട്.