"ആളുകളെ നടത്തത്തിൽ നിന്ന് തടയാൻ കഴിയില്ല:" കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതി

ലോക്ക് ഡൗണിനെ തുടർന്ന് സ്വദേശങ്ങളിലേക്ക് കാൽനടയായി യാത്രചെയ്തു കൊണ്ടിരിക്കുന്ന കുടിയേറ്റക്കാർക്ക് ഭക്ഷണവും വെള്ളവും നൽകാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളിയ സുപ്രീംകോടതി, “ആരാണ് നടക്കുന്നത്, നടക്കുന്നില്ലെന്ന് നിരീക്ഷിക്കാൻ കോടതിക്ക് കഴിയില്ല ” എന്ന് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

“സംസ്ഥാനം തീരുമാനിക്കട്ടെ. കോടതി എന്തുകൊണ്ട് ഇത് കേൾക്കണം അല്ലെങ്കിൽ തീരുമാനിക്കണം?” സുപ്രീംകോടതി കർശനമായി പറഞ്ഞു.

റോഡുകളിൽ നടക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്തി അവർക്ക് ഭക്ഷണവും പാർപ്പിടവും നൽകണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് അഭിഭാഷകൻ അലഖ് അലോക് ശ്രീവാസ്തവ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ അടുത്തിടെ റെയിൽ‌വേ ട്രാക്കുകളിൽ ഉറങ്ങിക്കിടന്ന 16 കുടിയേറ്റക്കാർ ചരക്ക് തീവണ്ടി കയറി മരിച്ച സംഭവത്തെ കുറിച്ചും അഭിഭാഷകൻ പരാമർശിച്ചിരുന്നു.

അതേസമയം സംസ്ഥാനങ്ങളാണ് ഇതിൽ തീരുമാനമെടുക്കേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു. “ആളുകൾ നടക്കുന്നുണ്ട്, അവർ അത് നിർത്തുന്നില്ല. ഞങ്ങൾക്ക് ഇത് എങ്ങനെ നിർത്താനാകും?” സുപ്രീംകോടതി ജഡ്ജിമാർ പറഞ്ഞു.

“റെയിൽ‌വേ ട്രാക്കുകളിൽ ആരെങ്കിലും ഉറങ്ങുമ്പോൾ ഇത് എങ്ങനെ തടയാനാകും?” ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് കോടതി പറഞ്ഞു.

പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ളതാണ് അലഖ് അലോക് ശ്രീവാസ്തവയുടെ ഹർജിയെന്നും കോടതി ശകാരിച്ചു.

“ഓരോ അഭിഭാഷകനും പേപ്പറിൽ വായിക്കുന്ന സംഭവങ്ങൾ വായിക്കുകയും എല്ലാ വിഷയങ്ങളെ കുറിച്ചും അറിവുള്ളവരാകുകയും ചെയ്യും. നിങ്ങളുടെ അറിവ് പൂർണമായും പത്ര ക്ലിപ്പിംഗുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, തുടർന്ന് ഈ കോടതി തീരുമാനിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. സംസ്ഥാനം തീരുമാനിക്കട്ടെ. കോടതി എന്തിനാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുകയോ കേൾക്കുകയോ ചെയ്യേണ്ടത്? ഞങ്ങൾ നിങ്ങൾക്ക് പ്രത്യേകം പാസ് തന്നാൽ, നിങ്ങൾക്ക് പോയി സർക്കാർ ഉത്തരവുകൾ നടപ്പിലാക്കാൻ കഴിയുമോ? ” ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

കുടിയേറ്റക്കാരെ നാട്ടിലേക്ക് കൊണ്ടു പോകാൻ സർക്കാർ ഇതിനകം തന്നെ ഗതാഗതം ആരംഭിച്ചുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയെ അറിയിച്ചു.

Read more

“സംസ്ഥാനങ്ങൾ തമ്മിലുള്ള കരാറിന് വിധേയമായി, എല്ലാവർക്കും യാത്ര ചെയ്യാൻ അവസരം ലഭിക്കും. ആരെങ്കിലും തന്റെ ഊഴത്തിനായി കാത്തിരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവർക്ക് മേൽ ബലപ്രയോഗം നടത്തുന്നത് വിപരീത ഫലമാണ് ഉണ്ടാക്കുക,” സർക്കാരിന്റെ ഉന്നത അഭിഭാഷകൻ പറഞ്ഞു.