'വിചിത്രമായ ഭക്ഷണരീതി' തൊഴിലാളികൾ ബംഗ്ലാദേശികളാണെന്ന് വെളിപ്പെടുത്തി: ബി.ജെ.പി നേതാവ്

തന്റെ വീട്ടിൽ ഈ അടുത്ത് ജോലിചെയ്ത നിർമാണത്തൊഴിലാളികളിൽ ചില ബംഗ്ലാദേശികളുണ്ടെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ വ്യാഴാഴ്ച പറഞ്ഞു. അവരുടെ “വിചിത്രമായ” ഭക്ഷണരീതി അവരുടെ ദേശീയതയെ കുറിച്ച് സംശയം ജനിപ്പിച്ചുവെന്ന് പൗരത്വ നിയമ ഭേദഗതിയെ (സി‌എ‌എ) പിന്തുണച്ചുകൊണ്ട് നടന്ന സെമിനാറിൽ ബിജെപി ജനറൽ സെക്രട്ടറി പറഞ്ഞു.

അടുത്തിടെ അദ്ദേഹത്തിന്റെ വീട്ടിൽ ഒരു മുറി പുതുതായി പണിയുകയായിരുന്നെന്നും, ഇതിനിടെ ചില തൊഴിലാളികളുടെ “ഭക്ഷണ ശീലം” വിചിത്രമാണെന്ന് ബി.ജെ.പി നേതാവിന് തോന്നി, “കാരണം അവർ “പോഹ” (അവല്‍) മാത്രമാണ് കഴിക്കുന്നത്”, അദ്ദേഹം പറഞ്ഞു.

അവരുടെ സൂപ്പർവൈസറുമായും കെട്ടിട കരാറുകാരനുമായും സംസാരിച്ച ശേഷം ഈ തൊഴിലാളികൾ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് പറഞ്ഞു.

“ഈ തൊഴിലാളികൾ ബംഗ്ലാദേശ് നിവാസികളാണെന്ന് ഞാൻ സംശയിച്ചു. എനിക്ക് സംശയം ഉണ്ടെന്നു മനസിലായ അവർ രണ്ട് ദിവസത്തിന് ശേഷം എന്റെ വീട്ടിൽ ജോലി നിർത്തി.” പിന്നീട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിജയവർഗിയ പറഞ്ഞു.

“ഞാൻ ഇതുവരെ ഒരു പൊലീസ് പരാതിയും നൽകിയിട്ടില്ല. ആളുകൾക്ക് മുന്നറിയിപ്പ് നൽകാനാണ് ഞാൻ ഈ സംഭവം പരാമർശിച്ചത്,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷമായി ഒരു ബംഗ്ലാദേശ് തീവ്രവാദി തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും സെമിനാറിൽ സംസാരിച്ച വിജയവർഗിയ അവകാശപ്പെട്ടു.

“ഞാൻ പുറത്തു പോകുമ്പോഴെല്ലാം ആറ് സായുധ സുരക്ഷാ ഉദ്യോഗസ്ഥർ എന്നെ പിന്തുടരുന്നു. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? പുറത്തു നിന്നുള്ള ആളുകൾ പ്രവേശിച്ച് ഇത്രയധികം ഭീകരത പ്രചരിപ്പിക്കുമോ?” നേതാവ് ചോദിച്ചു.

“കിംവദന്തികൾ കേട്ട് ആശയക്കുഴപ്പമുണ്ടാകേണ്ടതില്ല. രാജ്യത്തിന്റെ താത്പര്യത്തിന് വേണ്ടിയുള്ളതാണ് പൗരത്വ നിയമം. ഈ നിയമം യഥാർത്ഥ അഭയാർത്ഥികൾക്കു അഭയം നൽകുകയും രാജ്യത്തിന് ആഭ്യന്തര ഭീഷണി ഉയർത്തുന്നവരെ തിരിച്ചറിയുകയും ചെയ്യും” അദ്ദേഹം പറഞ്ഞു.