ഒറ്റപ്പെട്ടു പോയ കുടിയേറ്റക്കാർക്കും വിദ്യാർത്ഥികൾക്കും വിനോദ സഞ്ചാരികൾക്കും ലോക്ക്ഡൗൺ സമയത്ത് വീട്ടിലേക്ക് പോകാം

കൊറോണ വൈറസിന്റെ ലക്ഷണങ്ങളില്ലാത്ത കുടിയേറ്റ തൊഴിലാളികൾക്കോ വിദ്യാർത്ഥികൾക്കോ തീർത്ഥാടകർക്കോ വിനോദസഞ്ചാരികൾക്കോ ഇപ്പോൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ കഴിയുമെന്ന് കേന്ദ്രം അറിയിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതിന് കാരണമായ രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അഞ്ച് ആഴ്ചകൾക്ക് ശേഷമാണ് ഒരു കൂട്ടം മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.

കോവിഡ്-19 ഇല്ലാത്ത കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഹർജികൾ പരിഗണിച്ച സുപ്രീംകോടതി പ്രശ്‌നത്തോട് പ്രതികരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഉത്തരവ്. ഹരിയാനയിൽ നിന്ന് കുടിയേറിയവരെ തിരിച്ചയക്കാൻ ഉത്തർപ്രദേശിനെ കേന്ദ്രം ഇതിനകം അനുവദിച്ചിട്ടുണ്ട്. ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളെ റോഡ്, റെയിൽ, വിമാന ഗതാഗതം എന്നിവ മരവിപ്പിക്കുകയും അതിർത്തി കടന്നുള്ള കുടിയേറ്റക്കാരെ അനുവദിക്കരുതെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങളെ ചോദ്യം ചെയ്യാൻ പ്രേരിപ്പിച്ച നീക്കമായിരുന്നു ഇത്.

ഒറ്റപ്പെട്ട ആളുകളുടെ നീക്കത്തിന് മേൽനോട്ടം വഹിക്കാൻ ഒരു സമിതിയെ നിയമിക്കാനും പ്രോട്ടോക്കോളുകൾ തയ്യാറാക്കാനും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. “യാത്ര ചെയ്യുന്ന വ്യക്തിയെ (വ്യക്തികളെ) പരിശോധനയ്ക്ക് വിധേയമാക്കുകയും രോഗലക്ഷണങ്ങളില്ലാത്തവരെ തുടരാൻ അനുവദിക്കുകയും ചെയ്യും,” സർക്കാർ പറഞ്ഞു. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയേണ്ട ആവശ്യം ഇല്ലെങ്കിൽ 14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ തുടരേണ്ടിവരുമെന്ന് ഉത്തരവിൽ പറയുന്നു.

കുടിങ്ങിപോയവരുടെ അന്തർസംസ്ഥാന യാത്രക്കായി ബസുകൾ അനുവദിക്കും, ഇവ യാത്രകൾക്കിടയിൽ ശുചിത്വം പാലിക്കണം ഇരിപ്പിടങ്ങളിൽ സാമൂഹിക അകലം പാലിക്കാനുള്ള നിയമങ്ങൾ പാലിക്കണം, ഉത്തരവിൽ പറയുന്നു.

നേരത്തെ തീരുമാനിച്ച പ്രകാരം ലോക്ക്ഡൗൺ അവസാനിക്കാൻ ഒരാഴ്‌ച മാത്രം ബാക്കി നിൽക്കെയാണ് ഉത്തരവ് വരുന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തോളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നാലാമത്തെ വീഡിയോ കോൺഫറൻസ് നടത്തി. കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് പഞ്ചാബ്, ബംഗാൾ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടെന്ന് തിങ്കളാഴ്ച കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. “എത്രപേരെ കടത്തിവിടണം എന്നതിനെക്കുറിച്ച് സർക്കാർ സംസ്ഥാനങ്ങളുമായി ആലോചിക്കുന്നുണ്ട്… ഞങ്ങൾ എല്ലാത്തരം നടപടികളും സ്വീകരിക്കുന്നു,” സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

കുടുങ്ങിയവരെ നാട്ടിലേക്ക് പോകാൻ അനുവദിക്കാനുള്ള തീരുമാനം ബിജെപിക്കുള്ളിൽ നിന്നുള്ള സമ്മർദത്തെത്തുടർന്നാണ് എന്നാണ് സൂചന. കുടിയേറ്റ പ്രതിസന്ധി പാർട്ടിയെ രാഷ്ട്രീയമായി തകർക്കും എന്ന ആശങ്കയുണ്ടായിരുന്നു. എം‌പിമാരുമായും എം‌എൽ‌എമാരുമായും നടത്തിയ വെർച്വൽ യോഗത്തിനിടെ പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് ഈ പ്രതികരണം ലഭിച്ചു.