വിശപ്പ് അകറ്റാന്‍ മണ്ണ് വാരി തിന്നു; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

വിശപ്പ് സഹിക്കാന്‍ കഴിയാതെ മണ്ണുവാരി തിന്ന രണ്ട് വയസുകാരി മരിച്ചു. വെണ്ണല എന്ന കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ ആണ് സംഭവം. പട്ടിണിയും പോഷകാഹാരക്കുറവുമാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചത്. അമ്മായി നാഗമണിക്കും അവരുടെ ഭര്‍ത്താവ് മഹേഷിനും ഒപ്പമാണ് വെണ്ണല താമസിച്ചിരുന്നത്.

നാഗമണിയുടെയും മഹേഷിന്റെയും മകനായിരുന്ന ബാബു ആറ് മാസം മുമ്പ്  പോഷകാഹാര കുറവ് മൂലം മരിച്ചിരുന്നു. മൂന്ന് വയസായിരുന്നു ഇവരുടെ മകന്‍ ബാബു മരിക്കുമ്പോള്‍ ഉള്ള പ്രായം.

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം കുട്ടി വിശപ്പ് മൂലം മണ്ണ് തിന്നുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു എന്നാണ് പറയുന്നത്. കുട്ടികള്‍ മരിച്ചപ്പോള്‍ വീട്ടിന് സമീപത്ത് തന്നെയാണ് ഇവരെ  സംസ്‌കരിച്ചത്. അയല്‍ക്കാര്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ പൊലീസ് ഇടപെട്ടത്.

രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മയാണ് കുട്ടിയുടെ മരണത്തിനും ദാരിദ്ര്യത്തിനും കാരണം എന്നാണ് പൊലീസ് പറയുന്നത്. നാഗമണിയും മഹേഷും അവരുടെ അമ്മയും മദ്യത്തിന് അടിമകളായിരുന്നെന്നും ഭക്ഷണം പോലും കാര്യമായി വീട്ടില്‍ പാകം ചെയ്യാറില്ലായിരുന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്ക് ശരിയായ വാക്‌സിനേഷന്‍ പോലും ഇവര്‍ എടുത്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

പത്ത് വര്‍ഷം മുന്‍പ് കര്‍ണാടകയിലെ ബാഗേപ്പള്ളി മണ്ഡലില്‍ നിന്നും കുമ്മരാവന്‍ ഗ്രാമത്തിലെ കതിരി മണ്ഡലില്‍ കുടിയേറിയവരാണ് നാഗമണിയും ഭര്‍ത്താവും.