പ്രധാനമന്ത്രിയുടെ പാക്കേജ് രാജ്യത്തോടുള്ള ക്രൂരമായ തമാശ: പ്രതിപക്ഷ യോഗത്തിൽ സോണിയ ഗാന്ധി

 

“ജനാധിപത്യം പിന്തുടരുന്നു എന്ന നാട്യവും സർക്കാർ ഉപേക്ഷിച്ചിരിക്കുകയാണ്, ദരിദ്രരോട് അനുകമ്പയില്ല, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന ഉൾപ്പെടെ പരിഷ്കാരങ്ങൾ എന്ന് വിളിക്കപ്പെടുന്ന വന്യമായ പ്രവൃത്തികളും ആരംഭിച്ചു,” കൊറോണ വൈറസ് പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ ആദ്യ ഓൺലൈൻ യോഗത്തിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു.

“എല്ലാ അധികാരവും ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലാണ്,” കോൺഗ്രസ് അദ്ധ്യക്ഷ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. സമ്പദ്‌വ്യവസ്ഥ ഗുരുതരമായി തകർന്നിരിക്കുകയാണെന്ന് വ്യക്തമാക്കിയ കോൺഗ്രസ് മേധാവി, എല്ലാ സാമ്പത്തിക വിദഗ്ധരും ഒരു വലിയ ധനപരമായ ഉത്തേജനം അടിയന്തരമായി ആവശ്യമാണെന്ന് ഉപദേശിച്ചതായി പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി നടത്തിയ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ പ്രഖ്യാപനവും അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ധനമന്ത്രി അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയതും രാജ്യത്തോടുള്ള ക്രൂരമായ തമാശയായി മാറി.

സൂം കോൺഫറൻസിൽ പങ്കെടുത്തവരിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവേഗ ഗൗഡ എന്നിവരും ഉൾപ്പെടുന്നു. എന്നാൽ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി (എഎപി) യുടെ അരവിന്ദ് കെജ്‌രിവാൾ എന്നിവർ പങ്കെടുത്തില്ല.

സർക്കാരിന്റെ വൈറസിനെതിരായ നടപടികൾക്കെതിരെ സോണിയ ഗാന്ധി ആഞ്ഞടിക്കുകയും തുടർച്ചയായ ലോക്ക്ഡൗണുകൾ വളരെ കുറച്ചു പ്രയോജനമേ ഉണ്ടാക്കിയുള്ളൂ എന്നും പറഞ്ഞു.

“വൈറസിനെതിരായ യുദ്ധം 21 ദിവസത്തിനുള്ളിൽ അവസാനിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രാരംഭ ശുഭാപ്തിവിശ്വാസം തെറ്റായി മാറി. ഒരു വാക്സിൻ കണ്ടെത്തുന്നതു വരെ വൈറസ് ഇവിടെ തുടരുമെന്ന് തോന്നുന്നു. ലോക്ക് ഡൗണുകളുടെ മാനദണ്ഡത്തെ കുറിച്ച് സർക്കാരിന് അനിശ്ചിതത്വമുണ്ടായിരുന്നുവെന്നും അതിൽ നിന്നും പുറത്തു കടക്കാനുള്ള തന്ത്രവും ഇല്ലെന്ന് ഞാൻ കരുതുന്നു, ” സോണിയ ഗാന്ധി പറഞ്ഞു.

“കുടിയേറ്റ തൊഴിലാളികളെ കൂടാതെ, ക്രൂരമായി അവഗണിക്കപ്പെട്ടവരിൽ ജനസംഖ്യയുടെ താഴത്തെ പകുതിയിലുള്ള 13 കോടി കുടുംബങ്ങളും ഉൾപ്പെടുന്നു- കുടിയാൻ കർഷകരും ഭൂരഹിതരായ കാർഷിക തൊഴിലാളികളും; പിരിച്ചുവിട്ട അല്ലെങ്കിൽ തൊഴിൽ കുറഞ്ഞ തൊഴിലാളികൾ; കടയുടമകളും സ്വയംതൊഴിലാളികളും; എംഎസ്എംഇ-കൾ; സംഘടിത വ്യവസായങ്ങൾ,” സോണിയ ഗാന്ധി പറഞ്ഞു.

“ഇപ്പോഴത്തെ സർക്കാരിന് പ്രശ്നങ്ങൾക്ക് പരിഹാരങ്ങളില്ല എന്നത് ആശങ്കാജനകമാണ്, പക്ഷേ അതിന് ദരിദ്രരോടും ദുർബലരോടും സഹാനുഭൂതിയോ അനുകമ്പയോ ഇല്ല എന്നത് വേദനാജനകമാണ്,” സോണിയ ഗാന്ധി അഭിപ്രയപെട്ടു.

35 വർഷമായി ശിവസേന ബിജെപി സഖ്യകക്ഷിയായിരുന്നുവെങ്കിലും ഇപ്പോൾ മഹാരാഷ്ട്ര ഭരിക്കാൻ എൻസിപിയും കോൺഗ്രസുമായി ചേർന്ന ഉദ്ധവ് താക്കറെക്ക് ഇത്തരത്തിലുള്ള ആദ്യ പ്രതിപക്ഷ യോഗമായിരുന്നു ഇത്.