കെഎസ്ആര്‍ടിസിക്ക് കരുത്തായി 'ശക്തി'; സൗജന്യയാത്രകളുടെ എണ്ണം 100കോടി; 2397കോടിയുടെ ടിക്കറ്റ് വരുമാനം; പ്രതിദിനം 1.68ലക്ഷം ട്രിപ്പുകള്‍; 5675 ബസുകള്‍ ഉടന്‍ നിരത്തിലേക്ക്

കര്‍ണാടക ആര്‍ടിസിക്ക് കരുത്തായി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശക്തി പദ്ധതി. എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്രയാണ് ശക്തി പദ്ധതിയിലൂടെ ഒരുക്കിയത്. കഴിഞ്ഞ ദിവസം സൗജന്യയാത്രകളുടെ എണ്ണം 100 കോടി കഴിഞ്ഞിരുന്നു. കഴിഞ്ഞ ജൂണില്‍ പദ്ധതി ആരംഭിച്ചശേഷം നവംബര്‍ 22 വരെ 100,47,56,184 പേരാണ് സൗജന്യയാത്ര ഉപയോഗപ്പെടുത്തിയത്.

പദ്ധതി തുടങ്ങിയശേഷം ആകെ യാത്രചെയ്ത 178.6 കോടി യാത്രക്കാരില്‍ 56.2 ശതമാനവും സ്ത്രീകളാണ്. 2397 കോടി രൂപയുടെ ടിക്കറ്റാണ് ശക്തിപദ്ധതി പ്രകാരം അനുവദിച്ചത്. കര്‍ണാടക ആര്‍ടിസി 900.2 കോടി രൂപയുടെയും എന്‍ഡബ്ല്യുകെആര്‍ടിസി 600.6 കോടി രൂപയുടെയും കെകെആര്‍ടിസി 475.9 കോടി രൂപയുടെയും ബിഎംടിസി 420.8 കോടി രൂപയുടെയും ടിക്കറ്റുകളാണ് വിറ്റത്. ഓരോദിവസവും നാല് ആര്‍ടിസികളും ചേര്‍ന്ന് 1.68 ലക്ഷം ട്രിപ്പുകളാണ് നടത്തുന്നത്.

ശക്തി പദ്ധതിക്കായി 4000 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി
കഴിഞ്ഞ ബജറ്റില്‍ പദ്ധതിക്കായി 2800 കോടി രൂപ വകയിരുത്തിയിരുന്നു. നവംബര്‍ 22 വരെ പദ്ധതിക്കായി ഇതുവരെ 2400 കോടി ചെലവായിട്ടുണ്ട്.

ശക്തി പദ്ധതിയിലൂടെ യാത്രക്കാരുടെ എണ്ണംകൂടിയതിനാല്‍ കൂടുതല്‍ബസുകള്‍ നിരത്തില്‍ ഇറക്കാന്‍ കര്‍ണാടക ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടക പുതിയതായി 5675 ബസുകള്‍ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ 3404 ഡീസല്‍ ബസുകളും 2271 വൈദ്യുത ബസുകളുമായിരിക്കുമുള്ളത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആര്‍ടിസിയെന്ന പേര് കര്‍ണാടകയ്ക്ക് സ്വന്തമാകും.