മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ലാത്തൂരിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. രാവിലെ 6:30 ഓടെ വീട്ടില്‍ വെച്ചുതന്നെയാണ് മരണം സംഭവിച്ചത്. അര നൂറ്റാണ്ടിലേറെ നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തില്‍ രാജ്യത്തെ പ്രമുഖ പദവികളെല്ലാം വഹിച്ചിട്ടുള്ള നേതാവാണ് ശിവരാജ് പാട്ടില്‍.

മുംബൈ ഭീകാരാക്രമണം നടക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം. അക്രമത്തിന്‍റെ ഉത്തരവിത്തം ഏറ്റെടുത്ത് അന്ന് രാജിവെച്ചിരുന്നു. തുടര്‍ച്ചയായി 7 തവണ ലാത്തൂര്‍ ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക് സഭയിലെത്തി. പഞ്ചാബ് ഗവര്‍ണര്‍ ഛണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ, വിവിധ ഘട്ടങ്ങളിലായി കേന്ദ്ര മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ, ലോകസഭാ സ്പീക്കര്‍, മഹാരാഷ്ട്ര മന്ത്രി തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് 2015 മുതല്‍ വിശ്രമത്തിലായിരുന്നു ശിവരാജ് പാട്ടീൽ. ദേശീയ രാഷ്ട്രീയത്തിലും കോൺ​ഗ്രസ് രാഷ്ട്രീയത്തിലും ഏറെ സംഭാവനകൾ ചെയ്ത നേതാവായിരുന്നു അദ്ദേഹം. പാർലമെന്റിൽ നിരന്തരം പല വിഷയങ്ങൾ ഉന്നയിച്ചിരുന്ന ഇദ്ദേഹം നിരവധി തവണ പാർലമെന്റിലേക്ക് മത്സരിച്ച് എത്തുകയും ചെയ്തിരുന്നു. 1980ൽ പാർലമെന്റിൽ എത്തിയ ശേഷം ശിവരാജ് പാട്ടീൽ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുകയും ചെയ്തു. ആദ്യം ഇന്ദിരാ​ഗാന്ധിയുടെ മന്ത്രിസഭയിലും പിന്നീട് രാജീവ്​ഗാന്ധിയുടെ മന്ത്രിസഭയിലും അം​ഗമായിരുന്നു.

Read more