തിരഞ്ഞെടുപ്പിനു മുമ്പ് നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്; വായ്പാ ചെലവ് കുറയും

തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ നിര്‍ണായകമായ നിരക്ക് ഇളവ് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി പുതിയ നിരക്ക് പ്രഖ്യാപിച്ചു. 25 ബേസിസ് പോയിന്റ് കുറച്ച് റിപ്പോ 6 ശതമാനമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന നിരക്ക് അവലോകന യോഗത്തിലും റിപ്പോ നിരക്ക് ആര്‍ബിഐ കുറച്ചിരുന്നു.

സാമ്പത്തിക വളര്‍ച്ചയില്‍ തുടര്‍ച്ചയായി ഇടിവ് നേരിട്ടതും പണപ്പെരുപ്പം കേന്ദ്രബാങ്കിന്റെ പ്ര്യഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തില്‍ താഴെയായി തുടരുന്നതും കാരണം പലിശനിരക്കില്‍ ഇളവുണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

ആഗോളമാന്ദ്യവും പലിശ നിരക്ക് കുറയ്ക്കാന്‍ വഴിയൊരുക്കിയെന്നാണ് സൂചന. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 2.6 ശതമാനമായതോടെയാണ് ഫെബ്രുവരിയിലെ യോഗത്തില്‍ ആര്‍ബിഐ പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നത്. ജനുവരിയില്‍ 1.97 ശതമാനമായിരുന്നു ഇത്.

നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചതോടെ വാഹന, ഭവന വായ്പാ പലിശ കുറയും. അതേസമയം, ബാങ്കുകള്‍ ഇളവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്ന പരാതിയം ഉയര്‍ന്നിട്ടുണ്ട് .