ഗവര്‍ണര്‍മാരെ അടിമുടിമാറ്റി രാഷ്ട്രപതി; കേരള ബി.ജെ.പിയുടെ മുന്‍ പ്രഭാരി ജാര്‍ഖണ്ഡില്‍; അയോദ്ധ്യവിധി പറഞ്ഞ ജസ്റ്റിസ് എസ്.അബ്ദുല്‍ നസീര്‍ ആന്ധ്രയില്‍

സംസ്ഥാനങ്ങളിലേക്ക് പുതിയ ഗവര്‍ണര്‍മാരെ നിയോഗിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനത്തു നിന്നൊഴിയാന്‍ ഭഗത് സിങ് കോഷിയാരി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദേഹത്തെ മാറ്റി ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബയ്‌സിനെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു പുതിയ ജാര്‍ഖണ്ഡ് ഗവര്‍ണറായി കേരള ബിജെപിയുടെ മുന്‍ പ്രഭാരി സി.പി.രാധാകൃഷ്ണനെ നിയോഗിച്ചു. .

ലഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ പ്രദേശില്‍ ഗവര്‍ണറാകും. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവര്‍ണര്‍. ഗുലാം ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചല്‍ പ്രദേശിലും ഗവര്‍ണര്‍മാരാകുമെന്ന് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ നിയമന ഉത്തരവില്‍ പറയുന്നു.

Read more

ആന്ധ്രപ്രദേശ് ഗവര്‍ണറായിരുന്ന ബിശ്വഭൂഷണ്‍ ഹരിചന്ദ്രനെ ഛത്തീസ്ഗഡിലേക്കു മാറ്റി. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച റിട്ട. ജസ്റ്റിസ് എസ്.അബ്ദുല്‍ നസീര്‍ ആണ് ആന്ധ്രയുടെ പുതിയ ഗവര്‍ണര്‍. അയോധ്യ കേസിലെ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗം ആയിരുന്നു ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍. ഛത്തീസ്ഗഡ് ഗവര്‍ണറായിരുന്ന അനുസൂയ ഉയിക്യെയെ മണിപ്പുരിലേക്കു മാറ്റി. മണിപ്പുര്‍ ഗവര്‍ണര്‍ ലാ. ഗണേശനെ നാഗാലാന്‍ഡില്‍ നിയമിച്ചു.