രാഹുല്‍ ഗാന്ധി നാളെ കശ്മീരിലേക്ക്; യെച്ചൂരിയും ഗുലാം നബി ആസാദും ഒപ്പമുണ്ടാകും

Advertisement

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കള്‍ നാളെ കശ്മീര്‍ സന്ദര്‍ശിക്കും.

സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ തുടങ്ങിയവരും സംഘത്തിലുണ്ടാകും.

കശ്മീരിന് പ്രത്യേകം അംഗീകാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച സാഹചര്യത്തിലാണ് സന്ദര്‍ശനം. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും സംഘം സന്ദര്‍ശിക്കും.

നേരത്തെ, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കാശ്മീരില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നുവെന്നും കാശ്മീര്‍ സംബന്ധമായ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ട് തങ്ങള്‍ വിമാനം അയക്കാം, രാഹുല്‍ കശ്മീരിലേക്കു വന്ന് യാഥാര്‍ഥ്യം കാണൂവെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നേരത്തേ പറഞ്ഞിരുന്നു.

വെല്ലുവിള് സ്വീകരിച്ചു കൊണ്ട് ‘തങ്ങള്‍ കശ്മീരിലേക്കു വരുന്നുണ്ടെന്നും അതിനു തങ്ങള്‍ക്കു വിമാനമൊന്നും വേണ്ട സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മാത്രം മതിയെന്നും’ രാഹുല്‍ മറുപടി നല്‍കിയിരുന്നു.

അതേസമയം കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ സിതാറാം യെച്ചൂരിയെയും ഡി. രാജയെയും തടഞ്ഞുവെച്ച് തിരിച്ചയക്കുകയായിരുന്നു.