"രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം": സുപ്രീം കോടതിയുടെ മുന്നറിയിപ്പിന് ശേഷം ബി.ജെ.പി

റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനങ്ങളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞാൽ മാത്രം പോരാ എന്ന് ബി.ജെ.പി മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു.

റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി കേസിൽ സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയ മുൻ തീരുമാനം പുനഃപരിശോധിക്കാൻ സുപ്രീം കോടതി ഇന്ന് വിസമ്മതിച്ചു. റഫാൽ കേസുമായി ബന്ധപ്പെട്ട് “ചൗകിദാർ ചോർ ഹെ” പരാമർശം നടത്തി പ്രധാനമന്ത്രി മോദിയെ കേസുമായി തെറ്റായി ബന്ധിപ്പിച്ചതിന് കോൺഗ്രസിന്റെ രാഹുൽ ഗാന്ധി നൽകിയ നിരുപാധിക മാപ്പ് സുപ്രീം കോടതി ഇന്ന് സ്വീകരിച്ചു. ഇതോടൊപ്പം റഫാൽ ഇടപാടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസും സുപ്രീം കോടതി തീർപ്പാക്കി.

ഭാവിയിൽ രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കോടതി വ്യക്തമാക്കി. റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുലിന്റെ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണു കോടതിയലക്ഷ്യ ഹർജി നൽകിയത്. റഫാൽ കേസിൽ വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് ഈ കേസും പരിഗണിച്ചത്.