'കാർഷിക നിയമങ്ങൾ പിൻവലിക്കുക'; പാർലമെന്റിലേക്ക് രാഹുൽ ​ഗാന്ധി എത്തിയത് ട്രാക്കർ ഓടിച്ച്

കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പാർലമെന്റിലേക്ക് എത്തിയത് ട്രാക്കർ ഓടിച്ച്.

പഞ്ചാബ്​, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള കോൺഗ്രസ്​ എം.പിമാരായ ദീപേന്ദർ ഹൂഡ, രവ്​നീത്​ സിങ്​ ബിട്ടു, പ്രതാപ്​ സിങ്​ ബജ്​വ എന്നിവർക്കൊപ്പമായിരുന്നു രാഹുലിന്റെ ട്രാക്കർ യാത്ര.

കർഷക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ വിവിധങ്ങായ പ്ലക്കാർഡുകളുമായാണ് എം.പിമാർ പാർലമെന്റിലേക്ക് എത്തിയത്.

പാർലമെൻറിന് സമീപത്ത് എത്തിയപ്പോഴേക്ക് മാധ്യമപ്രവർത്തകർ അടക്കം അദ്ദേഹത്തെ വള‌ഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടെ ശബ്​ദങ്ങൾ പാർലമെൻറിലെത്തിക്കാനായിരുന്നു യാത്രയെന്ന്​ രാഹുൽ പറഞ്ഞു.

കാർഷിക നിയമങ്ങൾക്ക് എതിരെ കോൺഗ്രസ് പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണ് രാഹുൽ ട്രാക്ടറിൽ എത്തിയിരിക്കുന്നത്.