മോഷ്ടിക്കപ്പെട്ട രേഖകള്‍ കള്ളന്‍ തിരിച്ച് ഏല്‍പ്പിച്ചെന്ന് തോന്നുന്നു, കോമണ്‍സെന്‍സിനെ സല്യൂട്ട് ചെയ്യുന്നു: അറ്റോര്‍ണി ജനറലിനെ പരിഹസിച്ച് ചിദംബരം

റഫാല്‍ രേഖകള്‍ സംബന്ധിച്ച വിഷയത്തില്‍ കളംമാറ്റിയ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. “മോഷ്ടിക്കപ്പെട്ട രേഖകള്‍” “കള്ളന്‍” തിരികെ കൊണ്ടു കൊടുത്തതിനാലാകാം അവ “ഫോട്ടോക്കോപ്പി രേഖകളാണെന്ന്” അറ്റോര്‍ണി ജനറല്‍ (എജി) പറഞ്ഞതെന്ന് ചിദംബരം പറഞ്ഞു.

റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി രണ്ട് ദിവസത്തിന് ശേഷം താന്‍ ഉദ്ദശിച്ചത് ഫോട്ടോ കോപ്പിയാണെന്ന് അറ്റോര്‍ണി ജനറല്‍ കെ. കെ വേണുഗോപാല്‍ തിരുത്തിയിരുന്നു. പ്രതിരോധ മന്ത്രാലയം രഹസ്യമായി സൂക്ഷിച്ചിരുന്ന രേഖകളുടെ ഫോട്ടോകോപ്പി എടുത്തു എന്നാണ് താന്‍ മോഷണം എന്ന വാക്കു കൊണ്ട് ഉദ്ദേശിച്ചതെന്നാണ് വേണുഗോപാല്‍ പി ടി ഐ യോട് ഇന്നലെ വെളിപ്പെടുത്തിയത്.

രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന സുപ്രീം കോടതിയിലെ വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എജിയുടെ കളംമാറ്റല്‍.

“ബുധനാഴ്ച അത് “മോഷ്ടിക്കപ്പെട്ട രേഖകളായിരുന്നു”. വെള്ളിയാഴ്ചയായപ്പോള്‍ അത് “ഫോട്ടോകോപ്പി രേഖകളായി”. കള്ളന്‍ വ്യാഴാഴ്ച അതു തിരിച്ചേല്‍പ്പിച്ചെന്നു തോന്നുന്നു” -ചിദംബരം ട്വീറ്റ് ചെയ്തു. പറഞ്ഞു.

“ബുധനാഴ്ച ഔദ്യോഗിക രഹസ്യനിയമമാണ് മാധ്യമങ്ങളെ കാണിച്ചത്. വെള്ളിയായപ്പോള്‍ അത് “ഒലിവ് ശിഖരങ്ങളായി”. കോമണ്‍സെന്‍സിനെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.