'മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നു'; സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസ നേർന്ന് പ്രധാനമന്ത്രി, പിന്നാലെ വിമർശനം

മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നതായും മോദി എക്സ് പോസ്റ്റിൽ കുറിച്ചു.

‘സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നു’- മോദി ട്വീറ്റ് ചെയ്തു. മണിപ്പൂരിനെ കൂടാതെ മേഘാലയയ്ക്കും ത്രിപുരയ്ക്കും സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു.

എന്നാൽ മോദിയുടെ മണിപ്പൂർ ആശംസകൾക്കെതിരെ വിമർശനം ഉയരുകയാണ്. കഴിഞ്ഞ മെയ് മാസത്തിൽ മണിപ്പൂരിൽ ആരംഭിച്ച മെയ്തികളും കുക്കികളും തമ്മിലുള്ള വംശീയ കലാപം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കലാപം ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല എന്നത് പ്രതിപക്ഷവും ജനങ്ങളും എപ്പോഴും ഉന്നയിക്കുന്ന വിമർശനമാണ്. ഇതിനിടെയാണ് ആശംസകൾ നേർന്ന് മോദി രംഗത്തെത്തിയിരിക്കുന്നത്. പിന്നാലെ രാജ്യത്തിന്റെ പല കോണുകളിൽ നിന്ന് മോദിയുടെ ആശംസകൾക്ക് എതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

അതേസമയം മണിപ്പൂർ, ത്രിപുര, മേഘാലയ സംസ്ഥാന രൂപീകരണ ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും ആശംസകൾ നേർന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സമൃദ്ധിയുടെയും സമാധാനത്തിന്റെയും പാതയിൽ ആണെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രകൃതിരമണീയത കൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും സമ്പന്നമാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളെന്നും രാഷ്ട്രപതി പറഞ്ഞു.