ടൈം ലേഖനത്തിന്‍റെ പഴിയും പാകിസ്ഥാന്; മോദിയെ 'വിഭാഗീയതയുടെ തലവന്‍' എന്നു വിശേഷിപ്പിച്ച് ലേഖനമെഴുതിയത് പാകിസ്ഥാനിയെന്ന് ബി.ജെ.പി, ലക്ഷ്യം കരിവാരിതേയ്ക്കല്‍ എന്നും ആരോപണം

നരേന്ദ്രമോദിയെ “വിഭാഗീയതയുടെ തലവന്‍” എന്ന് വിശേഷിപ്പിച്ചുള്ള ടൈം മാസികയുടെ ലേഖനത്തിന് പിന്നില്‍ പാകിസ്ഥാന്‍കാരനെന്ന് ബിജെപി. മോദിയെ അന്തര്‍ദേശീയ തലത്തില്‍ കരിവാരി തേയ്ക്കാന്‍ ഉദ്ദേശിച്ചുളളതാണ് ലേഖനമെന്നും ബിജെപി വക്താവ് സാബിത് പത്ര കുറ്റപ്പെടുത്തി.

മോദിയുടെ ചിത്രസഹിതം മുഖലേഖനമായിട്ടാണ് “വിഭാഗീയതയുടെ തലവന്‍” എന്ന പേരില്‍ ടൈം മാസികയില്‍ ലേഖനം വന്നത്. ഇത് അന്തര്‍ദേശീയ രംഗത്ത് മോദിയുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുതിയ വാദവുമായി ബി ജെ പി രംഗത്ത് വരുന്നത്. ലേഖനമെഴുതിയ ആതിഷ് തസീര്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്നും ആ രാജ്യത്ത് നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാവില്ലെന്നും സാബിത് പത്ര കുറ്റപ്പെടുത്തി.

മോദിയുടെ വിഭാഗീയ ചിന്താഗതി എങ്ങിനെയാണ് രാജ്യത്ത അടിച്ചേല്‍പ്പിക്കപ്പെടുന്നതെന്നും രാജ്യം എങ്ങിനെയാണ് വിഭജിക്കപ്പെടുന്നതെന്നുമാണ് ലേഖനം പറയുന്നത്. ഈ ലേഖനം റീട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷനെയും ബിജെപി വക്താവ് വിമര്‍ശിച്ചു. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് തല്‍വീന്‍ സിംഗിന്റെയും മുന്‍ പാകിസ്ഥാനി രാഷ്ട്രീയക്കാരനും വ്യവസായിയുമായ സല്‍മാന്‍ തസീറിന്റെയും മകനായ അതിഷ് തസീറാണ് ലേഖനമെഴുതിയത്. 2014 ലും പല വിദേശ മാധ്യമങ്ങളും മോദിയെ വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതിയിരുന്നെന്നും പത്ര പറഞ്ഞു.