മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് പാകിസ്ഥാനില്‍ നിന്ന് ഭീഷണി; അതീവജാഗ്രത

മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാക്കിസ്ഥാനിലെ ഫോണ്‍ നമ്പറില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി.

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് വാട്ട്സ്ആപ്പ് സന്ദേശം വന്നതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. മുംബൈയില്‍ 26/11 മോഡല്‍ ആക്രമണം നടത്തുമെന്നും ആറുപേരടങ്ങിയ സംഘമാണ് ആക്രമണം നടത്തുകയെന്നുമാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. മുംബൈയില്‍ പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കി. 2008 നവംബര്‍ 26ന് മുംബൈയിലുണ്ടായ ഭീകരാക്രമണത്തില്‍ 166 പേരാണ് മരിച്ചത്. മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. പാക്കിസ്ഥാനില്‍ നിന്നെത്തിയ പത്തു ഭീകരരാണ് ആക്രമണം നടത്തിയത്.