'രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള സമരമാണ്'; സത്യം രാജ്യത്തിന് മുന്നിലുണ്ടെന്ന് രാഹുൽ ഗാന്ധി, ജനാധിപത്യം വിജയിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ

തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കുള്ള മാർച്ച് രാഷ്ട്രീയ പോരാട്ടമല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനുള്ള സമരമാണ് നടക്കുന്നതെന്ന് പറഞ്ഞ രാഹുൽ ഗാന്ധി സത്യം രാജ്യത്തിന് മുന്നിലുണ്ടെന്നും കൂട്ടിച്ചേർത്തു. അതേസമയം ജനാധിപത്യം വിജയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

രാഹുല്‍ ഗാന്ധി തെളിവടക്കം ഉന്നയിച്ച വോട്ട് കൊള്ളയില്‍ ലാണ് പ്രതിപക്ഷ എംപിമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാർച്ച് പൊലീസ് തട‍ഞ്ഞതോടെ ബാരിക്കേ‍ഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റുചെയ്തു നീക്കിയ ഡല്‍ഹി പോലീസ് നടപടിയാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന മാര്‍ച്ച് ട്രാന്‍സ്‌പോര്‍ട്ട് ഭവനുമുന്നില്‍വച്ചാണ് ഡല്‍ഹി പൊലീസ് തടഞ്ഞത്. റോഡ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. പിരിഞ്ഞുപോകണമെന്ന് പൊലീസ് എംപിമാരോട് ആവശ്യപ്പെട്ടു. എന്നാല്‍ എംപിമാര്‍ തയാറായില്ല. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അടക്കം അറസ്റ്റ് ചെയ്ത് നീക്കി പ്രതിഷേധം അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിച്ചത്. 25 പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നായി 300 എംപിമാരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ അട്ടിമറിയും ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്‌പെഷല്‍ ഇന്റ്റെന്‍സീവ് റിവിഷനും (എസ്‌ഐആര്‍) മുന്‍നിര്‍ത്തിയാണു പ്രതിപക്ഷ പ്രതിഷേധം.

പാര്‍ലമെന്റിന്റെ മകര്‍ദ്വാറില്‍നിന്ന് രാവിലെ 11.30നാണ് റാലി ആരംഭിച്ചത്. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ടിഎംസി, ഡിഎംകെ, എഎപി, ആര്‍ജെഡി, എന്‍സിപി(എസ്പി), ശിവസേന (ഉദ്ധവ് വിഭാഗം), നാഷനല്‍ കോണ്‍ഫറസ് തുടങ്ങിയ പാര്‍ട്ടികള്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നു. 12 എംപിമാരുള്ള ആം ആദ്മി പാര്‍ട്ടിയെ ഉള്‍പ്പെടുത്തുന്നതിനായി ഇന്ത്യ സഖ്യത്തിന്റെ ബാനര്‍ ഇല്ലാതെയാണ് മാര്‍ച്ച് നടത്തുന്നത്. കഴിഞ്ഞ മാസം ആം ആദ്മി പാര്‍ട്ടി ഇന്ത്യ സഖ്യത്തില്‍ നിന്നു പുറത്തുപോയിരുന്നു. പ്രാദേശിക ഭാഷകളിലടക്കമുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധം. നേരത്തെ വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് തള്ളിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം പങ്കെടുത്തു. മാർച്ചിനിടെ മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ള എംപിമാർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പ്രതിഷേധത്തിനിടെ മിതാലി ബാഗ് എംപി കുഴഞ്ഞുവീണു. ചികിത്സ നൽകണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. പൊലീസ് വാഹനത്തിലിരുന്ന് പ്രിയങ്ക ഗാന്ധി മോദി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള നേതാക്കളുടെ കൂടിക്കാഴ്ച ഇന്ന് നടന്നില്ല. 30 പ്രതിപക്ഷ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിരുന്നു. എന്നാൽ എല്ലാ എം പിമാരെയും കമ്മീഷൻ കാണണം എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിന്നതോടെ കൂടിക്കാഴ്ച നടക്കാതെ പോകുകയായിരുന്നു.

Read more