24 മണിക്കൂറിനിടെ 40425 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റെക്കോഡ് ചെയ്തത് നാൽപ്പതിനായിരത്തിലധികം കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 40425 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 681 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു. ഇതുവരെ 11,18,043 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27497 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 3,90,459 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം 7 ലക്ഷം കടന്നു. 7,00,087 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്. ഇന്നലെ 9,518 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 258 പേരാണ് മരിച്ചത്.

രോഗമുക്തരായി 3906 പേര്‍ ആശുപത്രി വിട്ടു. ആകെ രോഗബാധിതരുടെ എണ്ണം 3,14,455 ആയി. ഇതുവരെ രോഗമുക്തരായത് 1,69,569 പേരാണ്. മരിച്ചവര്‍ 11,854 ആയി. മുംബൈയില്‍ മാത്രം ഇന്നലെ 1,046 പേര്‍ക്കാണ് രോഗം. 64 പേര്‍ മരിച്ചു. ഇതുവരെ 1,01,224 പേരാണ് രോഗബാധിതര്‍. 5,711 പേര്‍ മരിച്ചു. 23,828 സജീവ കേസുകളാണ് ഉള്ളത്.