ഒഡിഷയില്‍ മരിച്ച ആളില്‍ ഒമൈക്രോണ്‍ കണ്ടെത്തി; രാജ്യത്ത് രണ്ടാം മരണം?

ഒഡിഷയില്‍ വ്യാഴാഴ്ച സംശയാസ്പദമായ ഒമൈക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ബോലാഗിര്‍ ജില്ലയില്‍ നിന്നുള്ള 45 കാരിയായ സ്ത്രീ ആണ് മരിച്ചത്. ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി.

ഡിസംബര്‍ 23ന് ബുര്‍ളയിലെ വിംസാറില്‍ (വീര്‍ സുരേന്ദ്ര സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച്) ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സ്ത്രീ ഡിസംബര്‍ 27നാണ് മരിച്ചത്. സാമ്പിള്‍ ജീനോം സീക്വന്‍സിംഗിനായി ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ജനുവരി 5ന് ഒമൈക്രോണ്‍ വേരിയന്റ് ഉണ്ടെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് വന്നതായി അധികൃതര്‍ പറഞ്ഞു.

ഓമൈക്രോണ്‍ മൂലമാണോ അതോ മറ്റ് കാരണങ്ങളാലാണോ അവര്‍ മരിച്ചത് എന്ന് അന്വേഷിക്കുകയാണെന്ന് ബോലാങ്കിര്‍ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സ്നേഹലത സാഹു പറഞ്ഞു. ഇന്ത്യയില്‍ രാജസ്ഥാനില്‍ നിന്നുള്ള ഒരാള്‍ മാത്രമാണ് ഒമൈക്രോണ്‍ മൂലം മരിച്ചത്. തുടക്കത്തില്‍, ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ബൊലാംഗീറിലെ ജില്ലാ ആശുപത്രിയില്‍ (ഭീമ ഭോയ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍) പ്രവേശിപ്പിക്കപ്പെട്ട സ്ത്രീയെ പിന്നീട് വിംസാറിലേക്ക് റഫര്‍ മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ, കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ഐസൊലേഷനിലായി. മൂന്ന് ദിവസത്തിന് ശേഷം അവര്‍ മരിച്ചു.