കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയം, അടുത്ത യോഗം വ്യാഴാഴ്ച

വിവാദമായ കാർഷിക നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി സമിതി രൂപീകരിക്കാമെന്നുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം കർഷക പ്രതിനിധികൾ നിരസിച്ചു. കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയമായ സാഹചര്യത്തിൽ വ്യാഴാഴ്ച വീണ്ടും യോഗം ചേരും. അതേസമയം കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധം ദിനംപ്രതി രൂക്ഷമാവുകയാണ്.

” സമിതി രൂപീകരിക്കാനുള്ള സമയമല്ല ഇപ്പോൾ,” എന്ന് ഇന്ന് വൈകിട്ട് മൂന്ന് കേന്ദ്രമന്ത്രിമാരുമായി നടത്തിയ യോഗത്തിൽ കർഷക പ്രതിനിധികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ യോഗം ഡിസംബർ മൂന്നിന് നടക്കും.

നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് കർഷകർ അറിയിച്ചു.

കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു സമിതി രൂപീകരിക്കാമെന്ന് കാർഷിക മന്ത്രി നരേന്ദ്ര തോമർ നിർദ്ദേശിച്ചു. സമിതിയിലേക്ക് കർഷകരുടെ ഭാഗത്തു നിന്നുള്ള പ്രതിനിധികളുടെ പേരുകൾ നിർദ്ദേശിക്കുവാനും ആവശ്യപ്പെട്ടു, സർക്കാരിൽ നിന്നുള്ളവരും കാർഷിക വിദഗ്ധരും സമിതിയിൽ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾക്ക് ഒരു ചെറിയ സംഘത്തെ വേണം, പക്ഷേ അവർ (കർഷകർ) ഒരുമിച്ച് സംസാരിക്കുമെന്ന് പറഞ്ഞു. ഞങ്ങൾക്ക് അത് പ്രശ്നമല്ല. പ്രതിഷേധം അവസാനിപ്പിച്ച് ചർച്ചയ്ക്ക് വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ഇത് കർഷകരെ ആശ്രയിച്ചിരിക്കുന്നു,” കൃഷി മന്ത്രി നരേന്ദ്ര തോമർ യോഗത്തിന് ശേഷം പറഞ്ഞു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ, കേന്ദ്ര വ്യവസായ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് 35 അംഗ കർഷക സംഘവുമായി ഇന്ന് ഉച്ചയ്ക്ക് ചർച്ച നടത്തിയത്.