നിര്‍ഭയ കേസ്; മരണ വാറണ്ട് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നിര്‍ഭയ കൂട്ടബലാത്സംഗ, കൊലപാതക കേസിലെ പ്രതി മുകേഷ് കുമാര്‍ സിംഗ് മരണ വാറണ്ട് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹി പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് മുകേഷ് സിംഗ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളായ വിനയ് ശര്‍മയുടെയും മുകേഷ് സിംഗിന്റെയും തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് തള്ളിയതിന് പിന്നാലെയാണ് മുകേഷ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എന്‍വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ചേംബറില്‍ പരിഗണിച്ചാണ് ഹര്‍ജികള്‍ തള്ളിയിരുന്നത്. ദയാഹര്‍ജി രാഷ്ട്രപതി ഉടന്‍ തീര്‍പ്പാക്കിയേക്കുമെന്നാണ് സൂചന. ദയാഹര്‍ജി നല്‍കിയതിന് പുറമെ വിചാരണക്കോടതി പുറപ്പെടുവിച്ച മരണവാറണ്ട് ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെയും മുകേഷ് സമീപിച്ചു. മരണവാറണ്ട് റദ്ദാക്കണമെന്ന് കാണിച്ച് നല്‍കിയ റിട്ട് ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും.

ജസ്റ്റിസ് മന്‍മോഹന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് സംഗീത ദിംഗ സെഹ്ഗാളാണ് ബെഞ്ചിലെ മറ്റൊരു ജഡ്ജി. ദയാഹര്‍ജി തള്ളിയാല്‍ ഈ മാസം 22-ന് വധശിക്ഷ നടപ്പാക്കാന്‍ ആയേക്കില്ല. ദയാഹര്‍ജി തള്ളിയ ശേഷം 14 ദിവസത്തെ സാവകാശം പ്രതികള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. കേസിലെ മറ്റ് പ്രതികളായ പവന്‍ കുമാര്‍ ഗുപ്ത, അക്ഷയ് എന്നിവര്‍ തിരുത്തല്‍ ഹര്‍ജികള്‍ നല്‍കിയേക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ അതും തീര്‍പ്പാക്കിയ ശേഷമേ വധശിക്ഷ നടപ്പാക്കാനാകൂ.