ഡൽഹിയിൽ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി

 

ഡൽഹിയിലെ കന്റോൺമെന്റ് പ്രദേശത്ത് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഒമ്പത് വയസ്സുകാരിയുടെ കുടുംബത്തെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ബുധനാഴ്ച സന്ദർശിച്ചു.

പെൺകുട്ടിയുടെ മൃതശരീരം അക്രമികൾ ബലമായി ദഹിപ്പിച്ചതിനെതിരെ വലിയ പൊതുജനരോഷം ഉയർന്നിട്ടുണ്ട്. പ്രതികൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാക്കളും പൊതുജനങ്ങളും ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിലെ ഹത്രാസിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലും യുവതിയുടെ മൃതശരീരം കുടുംബത്തിന്റെ അറിവോടെയല്ലാതെ ബലമായി ദഹിപ്പിച്ചിരുന്നു.

കൊല്ലപ്പെട്ട പെൺകുട്ടിയെ “രാഷ്ട്രത്തിന്റെ മകൾ” എന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. “ദളിതന്റെ കുട്ടിയും രാജ്യത്തിന്റെ മകളാണ്,” സംഭവത്തിന്റെ വാർത്താ റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ട് സഹിതം അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

അതേസമയം, ഒൻപത് വയസ്സുകാരിക്ക് നീതി ഉറപ്പു വരുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. “ഡൽഹിയിൽ 9 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം ലജ്ജാകരമാണ്. നഗരത്തിൽ ക്രമസമാധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രതികൾക്ക് എത്രയും വേഗം വധശിക്ഷ ലഭിക്കണം, ഞാൻ നാളെ ഇരയുടെ കുടുംബത്തെ കാണും. നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തിൽ ഞങ്ങൾ എല്ലാ വിധത്തിലും അവരെ സഹായിക്കും.” അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.