ഹിന്ദി അടിച്ചേല്‍പ്പിക്കില്ല ; അമിത് ഷായെ തള്ളി നരേന്ദ്ര മോദി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രാദേശിക ഭാഷകള്‍ക്ക് മുന്‍ഗണന നല്‍കുന്നത് പ്രാദേശിക ഭാഷകളോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. ഇന്ത്യന്‍ ഭാഷകളെ ഭാരതീയതയുടെ ആത്മാവായും രാജ്യത്തിന്റെ മികച്ച ഭാവിയിലേക്കുള്ള കണ്ണിയായുമാണ് ബിജെപി കണക്കാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന ദേശീയ നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി അഭിപ്രായമറിയിച്ചത്. ഏകഭാഷാ സംവിധാനത്തിനായി വാദിക്കുന്ന പാര്‍ട്ടിയല്ല ബിജെപി. മറ്റു ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളില ജനങ്ങള്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല ഹിന്ദിയില്‍ സംസാരിക്കണമെന്നായിരുന്നു അമിത് ഷായുടെ നിലപാട്. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.

ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദിയില്‍ പ്രാഥമിക പരിജ്ഞാനം നല്‍കേണ്ടതിന്റെ ആവശ്യകതയും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് സര്‍ക്കാര്‍ ഭാഷ ഹിന്ദിയാക്കേണ്ടത് അത്യാവശ്യമാണ്. എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.