മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കേന്ദ്ര സർക്കാരിനെതിരെയുള്ള കുറ്റപ്പെടുത്തലിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഡിഎംകെ. ബിജെപിയിലേക്ക് ക്ഷണമുണ്ടായെന്നാണ് പാർട്ടി ഖജാൻജിയും എംപിയുമായ ടിആർ ബാലുവിന്റെ വെളിപ്പെടുത്തൽ. എൻഡിഎയിൽ ചേർന്നാൽ തമിഴ്‌നാടിന് കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുവെന്നും ടിആർ ബാലു പറഞ്ഞു.
തമിഴ്‌നാടിന് കേന്ദ്രഫണ്ട് കിട്ടണമെങ്കിൽ ഡിഎംകെ. ബിജെപി സഖ്യത്തിൽ ചേരണമെന്ന് മോദി തന്നോടു പറഞ്ഞിരുന്നതായി കഴിഞ്ഞദിവസം കാഞ്ചീപുരത്ത് പാർട്ടി പൊതുയോഗത്തിൽ സംസാരിക്കവേയാണ് ബാലു അവകാശപ്പെട്ടത്. സുവ്യക്തമായ പ്രലോഭനമായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകളെന്നു പറഞ്ഞ ബാലു ഈ ക്ഷണം താൻ തള്ളിക്കളഞ്ഞെന്നും വ്യക്തമാക്കി. തേൻപുരട്ടിയ വിഷമെന്നാണ് മോദിയുടെ വാക്കുകളെ ബാലു വിശേഷിപ്പിച്ചത്. ഇത്തരം ചതിക്കുഴികളിൽ വീണുപോകരുതെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരെ ഉപദേശിക്കുകയും ചെയ്‌തു.
അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ മേഖലയിൽ തമിഴ്‌നാടിനു കിട്ടേണ്ട വിഹിതം കേന്ദ്രസർക്കാർ മറ്റു സംസ്ഥാനങ്ങൾക്കു വകമാറ്റി നൽകിയതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുറ്റപ്പെടുത്തിയത്. അതിൻ്റെ തുടർച്ചയായാണ് ബാലുവിന്റെ വെളിപ്പെടുത്തൽ. അതേസമയം ഹിന്ദി അറിയാത്ത ബാലു പ്രധാനമന്ത്രി പറഞ്ഞത് തെറ്റിദ്ധരിച്ചതാവും എന്നാണ് തമിഴ്‌നാട് ബിജെപി പറയുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ നല്ല ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതെന്നും ബാലു അത് തെറ്റിദ്ധരിച്ചതാണെന്നും തമിഴ്‌നാട് ബിജെപി ഉപാധ്യക്ഷൻ നാരായണൻ തിരുപ്പതി പറഞ്ഞു. ഹിന്ദി അറിയാത്തയാളാണ് ബാലുവെന്നും അതുകൊണ്ടാണ് മോദി പറഞ്ഞത് മനസ്സിലാവാതിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.