മിസോറമിലെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും; നാലു സംസ്ഥാനങ്ങളിലെ ഫലം വന്നപ്പോള്‍ ബിജെപിക്ക് നേട്ടം; കോണ്‍ഗ്രസിന് കനത്ത നഷ്ടം

തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഇന്നു പൂര്‍ത്തിയാകും. ഇന്നത്തേക്ക് മാറ്റിവെച്ച മിസോറമിലെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. ഇന്നലെ വോട്ടെണ്ണിയ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മൂന്നിടത്തും ബിജെപിക്ക് തിളക്കമാര്‍ന്ന വിജയമാണ് ഉണ്ടായത്.

മധ്യപ്രദേശ് നിലനിര്‍ത്തിയ ബിജെപി, രാജസ്ഥാനും ഛത്തീസ്ഗഢും കോണ്‍ഗ്രസില്‍നിന്ന് പിടിച്ചെടുത്തു. തെലങ്കാനയില്‍ ബിആര്‍എസിനെ കോണ്‍ഗ്രസ് അട്ടിമറിച്ചു.

ഏറെ പ്രതീക്ഷകളോടെ പോരിനിറങ്ങിയ കോണ്‍ഗ്രസിന് തെലങ്കാനയിലെ വിജയം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിളങ്ങും ജയമാണ് ബിജെപി സ്വന്തമാക്കിയത്.

മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചപ്പോള്‍ തെലങ്കാനയില്‍ ബിആര്‍എസിനെ വീഴ്ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസമായത്. മധ്യപ്രദേശില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ചയുണ്ടായപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍നിന്ന് അധികാരം തിരിച്ചുപിടിച്ചാണ് ബിജെപി ശക്തി കാണിച്ചത്.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ഇനി ബിജെപി ചര്‍ച്ചകള്‍ മുഖ്യമന്ത്രിമാര്‍ക്കുവേണ്ടിയാണ്.രാജസ്ഥാനില്‍ വസുന്ധരയടക്കം നിരവധി പേരുകളാണ് പരിഗണനയിലുള്ളത്. വസുന്ധരക്ക് പുറമെ ബാബ ബാലക് നാഥ്, ഗജേന്ദ്ര സിങ് ശെഖാവത്, ദിയ കുമാരി തുടങ്ങിയ നേതാക്കളുടെ പേരുകളും ബിജെപി നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

മധ്യപ്രദേശില്‍ ചൗഹാനും കൈലാഷ് വിജയ് വര്‍ഗീയയും പരിഗണനയിലുണ്ട്. ഇവര്‍ക്ക് പുറമെ പ്രഹ്ലാദ് പട്ടേലിന്റെ പേരും ചര്‍ച്ചയിലുണ്ടെന്നാണ് വിവരം. ഛത്തീസ്ഗഡില്‍ രമണ്‍സിംഗിനാണ് മുഖ്യമന്ത്രി സ്ഥാനത്തിനുള്ള സാധ്യത. രമണ്‍ സിംഗിന് പുറമെ അരുണ്‍ സാഹോ, രേണുക സിംഗ്, ഒപി ചൗധരി തുടങ്ങിയ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

അതേ സമയയം കോണ്‍ഗ്രസിന് ആശ്വാസ ജയം സമ്മാനിച്ച തെലങ്കാനയില്‍ രേവന്ത് റെഡ്ഢി തന്നെ മുഖ്യമന്ത്രിയാകാനാണ് സാധ്യത. രേവന്ത് റെഡ്ഡിക്ക് പുറമെ മല്ലു ഭട്ടി വിക്രമാര്‍ക്കയുടെ പേരും പരിഗണിക്കുന്നതായി സൂചനയുണ്ട്.രേവന്ത് റെഡ്ഡിക്കുള്ള ജനസമ്മതി കണക്കിലെടുത്ത് അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കാനാണ് കൂടുതല്‍ സാധ്യത.