രാജ്യത്ത് ന്യൂനപക്ഷ ക്രൂരത വര്‍ദ്ധിക്കുന്നു; മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സോണിയഗാന്ധി

രാജ്യത്ത് ന്യൂനപക്ഷ ക്രൂരത വര്‍ദ്ധിച്ചുവരികയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസിന്റെ സമൂലമായ മാറ്റങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചിന്തന്‍ ശിബിര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കേന്ദ്ര സര്‍ക്കാരിനും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശമമാണ് സോണിയഗാന്ധി ഉന്നയിച്ചത്.

ജനങ്ങള്‍ ഭയത്തോടെ ജീവിക്കേണ്ട സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ അവിഭാജ്യ ഘ്ടകമാണ്. എന്നാല്‍ അവര്‍ക്കെതിരെയുള്ള ക്രൂരത വര്‍ദ്ധിച്ചു വരികയാണ്. ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലുള്ള നേതാക്കളുടെ ത്യാഗങ്ങളും സംഭാവനകളും കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുകയാണ്. നോട്ട് നിരോധനത്തിന് ശേഷമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നത്. യു.പി.എ സര്‍ക്കാരാണ് തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ കൊണ്ടുവന്നത്. കര്‍ഷകരോട് പറഞ്ഞ വാക്കു പാലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഇത് ആത്മ പരിശോധനയ്ക്കുള്ള സമയമാണ്. ചിന്തന്‍ ശിബിര്‍ ഐക്യത്തിന്റെ സന്ദേശം മുഴക്കണം. പുതിയ ഊര്‍ജ്ജവും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമായിട്ട് ആയിരിക്കണം ചിന്തന്‍ശിബിര്‍ സമാപിക്കേണ്ടത് എന്നും അവര്‍ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തന്‍ ശിബിര്‍ നടക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് മുതല്‍ മൂന്ന് ദിവസമണ് പരിപാടി നടക്കുന്നത്.