പാക് അതിര്‍ത്തി കടന്നെത്തുന്ന വെട്ടുക്കിളികള്‍; ഗുജറാത്തിലെയും, രാജസ്ഥാനിലെയും കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു

മോശം കാലാവസ്ഥ കാരണമുള്ള വിളനാശങ്ങള്‍ക്കു പുറമേ ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ് രൂക്ഷമായ വെട്ടുക്കിളി ആക്രമണം. ലക്ഷക്കണക്കിന് വെട്ടുക്കിളികള്‍ കൂട്ടമായെത്തിയാണ് വിളകള്‍ നശിപ്പിക്കുന്നത്. എന്നാല്‍ ഇത് ഏങ്ങനെ  നേരിടണമെന്നറിയാതെ വലയുകയാണ് ജനങ്ങളും ഭരണകൂടവും.

പാകിസ്ഥാനിലെ സിന്ധ് മേഖലയില്‍ നിന്നാണ് വെട്ടുക്കിളികള്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലേയ്ക്കും ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ വിവിധ പ്രദേശങ്ങളിലേയ്ക്കും എത്തുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ഗുജറാത്തിലെ അതിര്‍ത്തി ജില്ലകളായ ബനസ്‌കന്ദ, പത്താന്‍, കച്ച് എന്നിവിടങ്ങളിലെ 20 താലൂക്കുകളിലാണ് വെട്ടുക്കിളി ആക്രമണം രൂക്ഷമായിട്ടുള്ളത്. ബനസ്‌കന്ദയാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ജില്ല. പടിഞ്ഞാറന്‍ രാജസ്ഥാനിലെ ജലോര്‍, ജോധ്പുര്‍, ബിക്കാനിര്‍ ജയ്സാല്‍മിര്‍ എന്നിവിടങ്ങളിലും കനത്ത വെട്ടുക്കിളി ശല്യമുണ്ട്

ആവണക്ക്, ജീരകം, പരുത്തി, ഗോതമ്പ് അടക്കമുള്ള പുല്‍ ഇനത്തില്‍ പെട്ട ചെടികളെ ഇവ കൂട്ടത്തോടെ തിന്നു നശിപ്പിക്കുകയാണ്. പകല്‍സമയങ്ങളില്‍ പാടങ്ങളിലും കൃഷിയിടങ്ങളിലും പറന്നു നടക്കുന്ന പ്രാണികള്‍, രാത്രിയില്‍ സസ്യങ്ങളില്‍ ഇരിക്കും. ഇവയെ ഓടിക്കുന്നതിനായി ചെണ്ട കൊട്ടുകയും പാത്രങ്ങളില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ഇല്ലെന്നാണ് കര്‍ഷരുടെ പക്ഷം.

ഒക്ടോബര്‍ മുതലാണ് പാകിസ്ഥാനില്‍ നിന്ന് ഗുജറാത്തിലെ കച്ചിലേയ്ക്ക് വെട്ടുക്കിളികളുടെ വരവ് ആരംഭിച്ചത്. പിന്നീട് അത് പത്താനിലേയ്ക്കും ബനസ്‌കന്ദയിലേയ്ക്കും വ്യാപിക്കുകയായിരുന്നു.

വെട്ടുക്കിളികളുടെ ഒരു സംഘം ഏകദേശം 10-15 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് വ്യാപിച്ചിരിക്കുന്നത്. ഇങ്ങനെ 99 വില്ലേജുകളില്‍ ഇവയുടെ ആക്രമണമുണ്ട്.

വലിപ്പം കുറഞ്ഞ മരുഭൂമിയിലെ വെട്ടുക്കിളികള്‍ ആണ് ആക്രമണകാരികള്‍. പ്രാദേശികമായി ടദ്ദിസ് എന്ന് വിളിക്കുന്ന ഈ വെട്ടുക്കിളികള്‍ മിക്കവാറും ഏതു തരത്തിലുള്ള സസ്യവും ഭക്ഷണമാക്കും. 10 ആനകള്‍ അഥവാ 2500 മനുഷ്യര്‍ക്ക് വേണ്ട ഭക്ഷണം ഇവയുടെ ഒരു സംഘം ഒരു ദിവസം കൊണ്ട് തിന്നു തീര്‍ക്കും. ഇലകള്‍, പൂക്കള്‍, പഴങ്ങള്‍, വിത്തുകള്‍, എന്തിന് മരങ്ങളുടെ തോലു പോലും ഇവ കാര്‍ന്നു തിന്നും. കൂട്ടത്തോടെ വന്നിരുന്നാല്‍ തന്നെ അവയുടെ ഭാരം മൂലം ചെടികള്‍ നശിച്ചു പോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വിളനാശം നേരിട്ട കര്‍ഷകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഗുജറാത്ത് കൃഷി മന്ത്രി ആര്‍.സി. ഫാല്‍ദു അറിയിച്ചിട്ടുണ്ട്. ഇവയെ നേരിടുന്നതിന് 27 വിദഗ്ധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും വെട്ടുക്കിളികളുടെ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളില്‍ കീടനാശിനി തളിച്ച് ഇവയെ അകറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് അടക്കമുള്ള മേഖലകളില്‍ 1962 വരെ വെട്ടുക്കിളികളുടെ രൂക്ഷമായ ആക്രമണം വ്യാപകമായിരുന്നു. പിന്നീട് 1978 -ലും 1993-ലും രൂക്ഷമായ ആക്രമണം ഉണ്ടായി. പിന്നീട് ഇപ്പോഴാണ് വെട്ടുക്കിളികളുടെ ആക്രമണം രൂക്ഷമാവുന്നത്.

Read more

അതേസമയം ഇന്ത്യയും പാകിസ്ഥാനും അടക്കമുള്ള ദക്ഷിണേഷ്യന്‍ മേഖലയില്‍ ഇത്തരമൊരു വെട്ടുക്കിളി ആക്രമണം ഉണ്ടാവുമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന (എഫ്എഒ) യും വെട്ടുക്കിളി ആക്രമണത്തെ കുറിച്ച് പഠിക്കുന്ന ലോക്ടസ് വാണിംഗ് ഓര്‍ഗനൈസേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് സ്ഥിതി വഷളാക്കിയതെന്ന് ആരോപണമുണ്ട്.