മോദി നാണംകെട്ട പ്രധാനമന്ത്രി, അമിത് ഷാ ഗുണ്ട… ഞങ്ങള്‍ക്ക് എതിരായ ആരോപണം തെളിയിച്ചില്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ജയിലിലാക്കും; രൂക്ഷവിമര്‍ശനവുമായി മമത

നരേന്ദ്രമോദി നാണം കെട്ട പ്രധാനമന്ത്രിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അമിത് ഷാ ഗുണ്ടയാണെന്നും മമത ആരോപിച്ചു. രാജ്യത്തുടനീളമുള്ള പ്രതിമകള്‍ അടിച്ചു തകര്‍ക്കുകയാണ് ബി.ജെ.പിക്കാര്‍. ത്രിപുരയിലെ ലെനിന്‍ പ്രതിമ മുതല്‍ ഗുജറാത്തിലെ അംബേദ്ക്കര്‍ പ്രതിമയും ഇപ്പോള്‍ കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ പ്രതിമയും അവര്‍ തകര്‍ത്തിരിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

‘വിദ്യാസാഗറിന്റെ പ്രതിമ ബി.ജെ.പി പണിയുമെന്നാണ് അയാള്‍ പറഞ്ഞിരിക്കുന്നത്. ആ പ്രതിമ നിര്‍മ്മിക്കാനുള്ള പണം ബംഗാളിലുണ്ട്. 200 വര്‍ഷത്തെ പാരമ്പര്യം തിരിച്ചു തരാന്‍ മോദിക്ക് സാധിക്കുമോ? നിങ്ങള്‍ പറയുന്നു തൃണമൂലുകാരാണ് പ്രതിമ തകര്‍ത്തതെന്ന്, ഞങ്ങളുടെ കയ്യില്‍ വ്യക്തമായ തെളിവുകളുണ്ട്. നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ ഇത്രയും കള്ളത്തരങ്ങള്‍ വിളിച്ചു പറയാന്‍. ഞങ്ങള്‍ക്കെതിരായ ആരോപണം തെളിയിച്ചില്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ജയിലിലാക്കും’- മമത പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്തിയിരിക്കുകയാണ് ബി.ജെ.പി. അവരെ നിയന്ത്രിക്കുന്നതും ഇപ്പോള്‍ ബിജെപിയാണ്. നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് യോഗം കഴിയാതെ ഇവിടെ ഇനി ഞങ്ങള്‍ ഒരു യോഗവും സംഘടിപ്പിക്കാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതായി അറിഞ്ഞു. ബി.ജെ.പിയുടെ സഹോദരനാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പിയ്ക്ക് വിറ്റുകഴിഞ്ഞെന്ന് ഇന്ത്യയില്‍ എല്ലാവര്‍ക്കും ഇപ്പോള്‍ അറിയാം. മോദിയും അമിത് ഷായും ചേര്‍ന്ന് ജനങ്ങളെ പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മറുപടി ജനം തന്നെ നല്‍കുമെന്നും മമത പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം ഒരുദിവസം മുമ്പെ അവസാനിപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. കമ്മീഷന്‍ മോദിയുടെ കൈയിലെ കളിപ്പാവ പോലെ പ്രവര്‍ത്തിച്ചുവെന്നും ബിജെപിയാണ് ഇത്തരത്തിലൊരു തീരുമാനം കമ്മീഷനെ കൊണ്ട് എടുപ്പിച്ചതെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.