ഹോംവര്‍ക്ക് ചെയ്യാത്തതിന് ആറാം ക്ലാസുകാരിക്ക് ക്രൂരമര്‍ദ്ദനം; അധ്യാപകന്റെ നിര്‍ദേശത്തില്‍ സഹപാഠികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ 168 തവണ അടിച്ചു

ഹോംവര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെ അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനായ മനോജ് വര്‍മ (35) യെ ആണ് അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഹോംവര്‍ക്ക് ചെയ്യാത്തതിന് ആറാം ക്ലാസുകാരിയെ തല്ലാന്‍ സഹപാഠികളോട് ആജ്ഞാപിക്കുകയായിരുന്നു അധ്യാപകന്‍. 168 തവണയാണ് കുട്ടിയെ സഹപാഠികള്‍ തല്ലിയത്. മനോജ് വര്‍മയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. തന്‍ഡ്‌ല ടൗണിലെ ജവഹര്‍ നവോദയ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയോടാണ് മനോജ് വര്‍മ ക്രൂരമായി പെരുമാറിയത്. ഹോംവര്‍ക്ക് ചെയ്ത് പൂര്‍ത്തിയാക്കാത്തതിന് സഹപാഠികളോട് കുട്ടിയെ തല്ലാന്‍ ആജ്ഞാപിക്കുകയായിരുന്നു.

തന്റെ മകള്‍ ജനുവരി ഒന്നുമുതല്‍ 10 വരെ അസുഖമായതിനാല്‍ ക്ലാസില്‍ പോയിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് ശിവ് പ്രതാപ് സിങ്ങ് പറഞ്ഞു.

എന്നാല്‍, ജനുവരി 11ന് ക്ലാസ്സില്‍ എത്തിയ കുട്ടി ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകന്‍ ദേഷ്യപ്പെട്ടു. ഇതിന് ശിക്ഷയായി അതേക്ലാസിലെ 14 കുട്ടികളോട് എല്ലാ ദിവസവും രണ്ട് തവണ കുട്ടിയെ തല്ലാന്‍ നിര്‍ദേശിച്ചു. അങ്ങനെ ആറ് ദിവസം രണ്ട് തവണത്തെ ഇടവേളകളില്‍ കുട്ടിയെ നിരന്തരമായി തല്ലുകയായിരുന്നു. കുട്ടികള്‍ ആറ് ദിവസത്തിനുള്ളില്‍ 168 തവണയാണ് കുട്ടിയെ തല്ലിയത്.

ഇതേതുടര്‍ന്ന്, പിതാവ് ശിവ് പ്രതാപ് സിങ്ങ് സ്‌കൂള്‍ മാനേജ്‌മെന്റിനും പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. മാനേജ്‌മെന്റ് മനോജ് വര്‍മയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും പിതാവിന്റെ പരാതിയില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് മാനസികവും ശാരീരികവുമായി തളര്‍ന്ന കുട്ടി അടുത്തുള്ള ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളില്‍ പോകാനും മകള്‍ തയ്യാറാകുന്നില്ലെന്ന് പിതാവ് പറഞ്ഞു.