ട്രെയിന്‍ നിര്‍ത്തിയിട്ട് റെയില്‍ പാളത്തില്‍ ലോക്കോ പൈലറ്റ് മൂത്രമൊഴിച്ചു; എന്ത് പറയാനാണെന്ന് സോഷ്യല്‍ മീഡിയ

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പല കാരണങ്ങളാല്‍ സമയ പരിധിയില്ലാതെ നിര്‍ത്തിയിടുന്ന ദുരനുഭവം യാത്രക്കാര്‍ക്ക് പുത്തരിയല്ല. എന്നാല്‍ കഴിഞ്ഞ ദിവസം നൂറ് കണക്കിന് യാത്രക്കാരുമായി പോവുകയായിരുന്ന ട്രെയിന്‍  നിര്‍ത്തിയിട്ടു. കാരണം കേട്ടാലാണ് ഞെട്ടലുണ്ടാകുക!. ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ട് റെയില്‍പാളത്തില്‍ മൂത്രമൊഴിക്കുന്ന രംഗമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

അംബര്‍നാഥ്, ഉല്ലാസ് നഗര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് വണ്ടി നിര്‍ത്തിയത്. തൊട്ടടുത്തുള്ള മേല്‍പ്പാലത്തില്‍ നിന്നാണ് ഒരാള്‍ ഇത് തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. സംഭവത്തെ കുറിച്ച് റെയില്‍വേ അന്വേഷണം നടത്തി വരികയാണ്.

അതേസമയം, എന്‍ജിന്‍ഡ്രൈവര്‍മാര്‍ക്ക് മൂത്രമൊഴിക്കാനും മറ്റുമുള്ള സൗകര്യം വണ്ടിയില്‍ തന്നെ ഒരുക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. രണ്ടും മൂന്നും മണിക്കൂര്‍ വരെ തുടര്‍ച്ചയായി വണ്ടി ഓടിക്കേണ്ടി വരുമ്പോള്‍ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ കഴിയാറില്ലെന്ന് എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്ക് പരാതിയുണ്ട്.