ലഡാക്ക് സംഘർഷത്തിന് പിന്നാലെ സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്കിനെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. വാങ്ചുക്കിന്റെ സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞു. ഇതിനായുള്ള ലൈസൻസ് റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക് എന്നാണ് വാങ്ചുക്കിന്റെ എൻജിഒയുടെ പേര്.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള നിരാഹാര സമരത്തിൽ സോനം വാങ്ചുക്ക് നടത്തിയ പല പരാമർശങ്ങളും സംഘർഷം ആളിക്കത്തിച്ചതായാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. ചട്ടങ്ങൾ ലംഘിച്ച് വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി വാങ്ചുക്കിനെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിവിധ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും ഇതേ തുടർന്നാണ് നടപടിയെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്.
സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെടുകയും 50 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ലഡാക്ക് കനത്ത ജാഗ്രതയിലാണ്. സംഘർഷവുമായി ബന്ധപ്പെട്ട് 50 പേരെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് കൗൺസിലർ സ്റ്റാൻസിൻ സെവാങ്ങിനെതിരെ കേസ് എടുത്തിട്ടുണ്ട്. രാജ്യത്തെ നേപ്പാളാക്കാൻ കോൺഗ്രസും രാഹുൽ ഗാന്ധിയും ശ്രമിക്കുന്നു എന്ന് ബിജെപി നേതാവ് സംബിത് പത്ര കുറ്റപ്പെടുത്തി. പ്രശ്‌നം പരിഹരിക്കുന്നതിന് പകരം രാഹുൽ ഗാന്ധിയുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമം എന്ന് കെസി വേണുഗോപാൽ എംപിയും തിരിച്ചടിച്ചു.
ലഡാക്ക് സുഘർഷത്തെ പിന്തുണച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്തുവന്നു. അവകാശങ്ങൾക്കായുള്ള ലഡാക്കിലെ ജനങ്ങളുടെ ആവശ്യത്തെ ബിജെപി നേതൃത്വം നിരന്തരം അവഗണിച്ചു എന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.








