കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ ഇന്നലെ ഒരു പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാർ ബിജെപി ഓഫീസും ഒരു സിആർപിഎഫ് വാനിനും തീയിട്ടു. അക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 22 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ലഡാക്കിന്റെ ഭരണ കേന്ദ്രമായ ലേയിൽ കേന്ദ്രസർക്കാർ കർഫ്യൂ ഏർപ്പെടുത്തി.
പ്രതിഷേധത്തിന് പിന്നിൽ യുവജനങ്ങൾ ആയിരുന്നു. പുതിയ ഭാഷയിൽ പറഞ്ഞാൽ ഒരു ജെൻ സി പ്രക്ഷോഭം. ലേയിലെ പ്രക്ഷോഭം പെട്ടെന്നൊരു ദിവസംകൊണ്ട് ഉണ്ടായതല്ല. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിഷേധങ്ങൾ സമാധാനപരമായി നടന്നുവരികയായിരുന്നു. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഈ ആവശ്യവുമായി സെപ്റ്റംബർ പത്ത് മുതൽ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാര സമരത്തിലാണ്.
ഇന്നലത്തെ സമരത്തെ ജെൻ സി വിപ്ലവം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “യുവതലമുറയുടെ പൊട്ടിത്തെറിയാണ് അവരെ തെരുവിലിറക്കിയത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ സർക്കാർ മാറ്റത്തിന് കാരണമായ സമീപകാല പ്രകടനങ്ങൾക്ക് ശേഷമാണ് ജെൻ സി പ്രതിഷേധങ്ങൾ എന്ന പദം പ്രചാരത്തിലായത്. ലഡാക്കിൽ യുവാക്കൾ തെരുവിൽ ഇറങ്ങിയതിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്.
2019 ലാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീർ വിഭജിക്കുകയും ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി രൂപീകരിക്കുന്നതും. ആ സമയത്ത്, സോനം വാങ്ചുക്ക് ഉൾപ്പെടെ പലരും ലഡാക്കിനുള്ള കേന്ദ്രഭരണ പ്രദേശ പദവിയെ സ്വാഗതം ചെയ്തു. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ, ലെഫ്റ്റനന്റ് ഗവർണറുടെ ഭരണത്തിൻ കീഴിൽ ലഡാക്കിലെ കാര്യങ്ങൾ തകിടം മറിഞ്ഞു. ലഡാക്കിൽ ഒരു നിയമസഭ ഇല്ലാതിരുന്നതിനാൽ തന്നെ പ്രദേശം നേരിട്ടുള്ള കേന്ദ്രഭരണത്തിന് കീഴിലായി.
മറ്റൊരു കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് നടക്കുകയും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സംസ്ഥാന പദവി സംബന്ധിച്ച് ലഡാക്കിൽ അതൃപ്തി വർധിച്ചുവന്നു. ഇത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കും നിരാഹാര സമരങ്ങൾക്കും കാരണമായി. ഇതിനായി ബുദ്ധമത ഭൂരിപക്ഷ പ്രദേശമായ ലേയിലെയും മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കാർഗിലിലെയും രാഷ്ട്രീയ, മത ഗ്രൂപ്പുകൾ ആദ്യമായി ഒരു സംയുക്ത വേദിയിൽ കൈകോർത്തു; ലേയിലെ പരമോന്നത സമിതിയും ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് കാർഗിൽ ഡെമോക്രാറ്റിക് അലയൻസും.
2020 ൽ ബിജെപി നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറുകയും ലഡാക്കിലെ യുവാക്കൾക്കിടയിൽ വർഷങ്ങളായി തുടരുന്ന തൊഴിലില്ലായ്മയുമാണ് പ്രക്ഷോഭത്തിന് കാരണമെന്ന് പ്രാദേശിക നേതാക്കൾ പറയുന്നു. ലഡാക്കിന്റെ ആവശ്യങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ ഒരു ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. എന്നാൽ ചർച്ചകൾക്ക് കാര്യമായ പുരോഗതിയി ഉണ്ടായില്ല. ഇക്കഴിഞ്ഞ മാർച്ചിൽ, ലഡാക്കിൽ നിന്നുള്ള ഒരു പ്രതിനിധി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. എന്നാൽ തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അമിത് ഷാ നിരസിച്ചുവെന്നാണ് പ്രാദേശിക നേതാക്കൾ അവകാശപ്പെട്ടത്.
ഇതിന് പിന്നാലെയാണ് ലഡാക്കിന് സംസ്ഥാന പദവി, ഭരണഘടനയിലെ ആറാം ഷെഡ്യൂളിന് കീഴിലുള്ള ഭരണഘടനാപരമായ സംരക്ഷണം, ഗോത്ര സ്വത്വവും ദുർബലമായ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിന് കൂടുതൽ പ്രാദേശിക സ്വയംഭരണം എന്നിവ ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾക്ക് പ്രദേശത്തുണ്ടായത്. ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ ഗോത്ര പ്രദേശങ്ങൾ അല്ലെങ്കിൽ കുന്നിൻ പ്രദേശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണവും കൂടുതൽ സ്വയംഭരണവും നൽകുന്നുണ്ട്.
നിയമസഭയുടെ അഭാവം ലഡാക്കിന് സ്വയംഭരണത്തിനും പ്രാദേശിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള കഴിവ് ഇല്ലാതാക്കിയതായി നാട്ടുകാർ വാദിക്കുന്നു. ലഡാക്കിനെ ഒരു കേന്ദ്രഭരണ പ്രദേശമായി ചുരുക്കുയപ്പോൾ അവിടെ നിലവിലുണ്ടായിരുന്ന തൊഴിലവസരങ്ങൾ, ഭൂമിയുടെ അവകാശങ്ങൾ, സംരക്ഷണം എന്നിവ ദുർബലമാകുന്നുണ്ടെന്നും അവർ പരാതിപ്പെടുന്നു.
ലഡാക്കിൽ ദുർബലമായ ഒരു പരിസ്ഥിതി നിലനിൽക്കുന്നതിനാൽ, സൗരോർജ്ജം ഉൾപ്പെടെയുള്ള വലിയ തോതിലുള്ള പദ്ധതികൾ പരിസ്ഥിതിയെ അപകടത്തിലാക്കുമെന്ന് പ്രദേശവാസികൾ ഭയപ്പെടുന്നു. ഭരണത്തിലും വികസനത്തിലും തീരുമാനങ്ങൾ തദ്ദേശീയരെ പരിഗണിക്കാതെ തീരുമാനം എടുക്കുന്നു എന്നതാണ് മറ്റൊരു കാരണം.
ഇന്നലെ വൈകുന്നേരം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, നിരാഹാര സമരം നടത്തിയിരുന്ന സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാൽ പ്രകോപിതരായ ഒരു ജനക്കൂട്ടം നിരാഹാര സമരം നടന്ന സ്ഥലം വിട്ട് ഒരു രാഷ്ട്രീയ പാർട്ടി ഓഫീസും ലേയിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസും ആക്രമിച്ചുവെന്നാണ്. നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്ര സർക്കാർ വാങ്ചുകിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
നിരാഹാര സമരം നടത്തിയിരുന്ന 15 പേരുടെ ആരോഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നതിനെ തുടർന്നാണ് ബുധനാഴ്ച ബന്ദ് പ്രഖ്യാപിച്ചത്. 2023-24 മുതൽ ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനയായ ലേ അപെക്സ് ബോഡിയുടെ യുവജന വിഭാഗമാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
അടുത്ത ചർച്ചയ്ക്കുള്ള തീയതി ഒക്ടോബർ 6 ആയി ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചതിൽ തങ്ങൾ തൃപ്തരല്ലെന്ന് നേതാക്കൾ പറഞ്ഞിരുന്നു. ആളുകൾ ദിവസങ്ങളായി നിരാഹാര സമരത്തിലായിരിക്കുന്നതിനാൽ ചർച്ചയ്ക്കുള്ള തീയതി വളരെ അകലെയാണെന്നായിരുന്നു പരാതി. സർക്കാരിന്റെ കാലതാമസവും നിഷ്‌ക്രിയത്വവും മൂലമുള്ള നിരാശയാണ് പല പ്രതിഷേധക്കാരും ആരോപിച്ചത്.
അതേസമയം അക്രമത്തിന് കാരണം വാങ്ചുകിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാണെന്ന് കേന്ദ്ര സർക്കാർ കുറ്റപ്പെടുത്തുന്നു. സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കാതെ വാങ്ചുക്ക് ഉപവാസം അവസാനിപ്പിച്ച് സ്വന്തം ഗ്രാമത്തിലേക്ക് പോയെന്നും സർക്കാർ ആരോപിച്ചു. 2019 മുതൽ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന ആവശ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖമാണ് വാങ്ചുക്ക്. കാലാവസ്ഥാ പ്രവർത്തകനായ വാങ്ചുക്ക് ഒരു മെക്കാനിക്കൽ എഞ്ചിനീയറാണ്. 2018 ൽ റാമോൺ മാഗ്സസെ അവാർഡ് ലഭിച്ചിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ ‘3 ഇഡിയറ്റ്സ്’ എന്ന ചിത്രത്തിലെ ആമിർ ഖാന്റെ ‘ഫുൻസുഖ് വാങ്ഡു’ എന്ന കഥാപാത്രം വാങ്ചുകിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പറയപ്പെടുന്നു.
വർഷങ്ങളായി പരിഹരിക്കപ്പെടാത്ത ആവശ്യങ്ങളുമായിട്ടാണ് പ്രതിഷേധങ്ങളെയും അക്രമങ്ങളെയും വാങ്ചുക്ക് ബന്ധിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി അവർ തൊഴിലില്ലാത്തവരാണ്, പ്രത്യേകിച്ച് ഉയർന്ന തലങ്ങളിൽ ജോലികളൊന്നുമില്ല, ജനാധിപത്യം ഇല്ലാതായി. അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടിട്ടില്ല,” പ്രതിഷേധങ്ങൾ രാഷ്ട്രീയ പാർട്ടികൾ ആസൂത്രണം ചെയ്തതാണെന്ന ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു.
പ്രക്ഷോഭത്തിൽ കോൺഗ്രസിനെയും ബിജെപി കുറ്റപ്പെടുത്തി. ലേയിലെ അക്രമത്തിന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ബിജെപി നേതാവ് അമിത് മാളവ്യ, ഇതിന് പിന്നിൽ കോൺഗ്രസ് കൗൺസിലറായ ഫണ്ട്‌സോഗ് സ്റ്റാൻസിൻ സെപാഗ് ആണെന്നും അയാൾ ജനക്കൂട്ടത്തെ പ്രേരിപ്പിക്കുന്നതും ബിജെപി ഓഫീസിനെയും ഹിൽ കൗൺസിലിനെയും ലക്ഷ്യമിട്ടുള്ള അക്രമത്തിൽ പങ്കെടുക്കുന്നതും വ്യക്തമായി കാണാമെന്നും പോസ്റ്റ് ചെയ്തു. ഇത്തരത്തിലുള്ള അസ്വസ്ഥതയാണോ രാഹുൽ ഗാന്ധി സ്വപ്നം കാണുന്നത് എന്നും ബിജെപി ചോദിച്ചു.
Read more
നിലവിൽ ലഡാക്ക് സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഉന്നതാധികാര സമിതിയുടെ അടുത്ത യോഗം ഒക്ടോബർ 6 ന് നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു, ലഡാക്കിൽ നിന്നുള്ള നേതാക്കളുമായി ഇന്നും കൂടിക്കാഴ്ചകളും നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 3500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ഭൂപ്രകൃതിയുടെ ഭംഗികൊണ്ടും ബുദ്ധമത ആശ്രമങ്ങളും സ്തൂപങ്ങളും കൊണ്ട് നിറഞ്ഞ പർവത സൗന്ദര്യത്തിന്റെ അവസാന വാക്കായ ലേയെ ഇത്തരത്തിലൊരു കലാപ ഭൂമിയായി കാണാൻ ആരും ആഗ്രഹിക്കുന്നുണ്ടാവില്ല. പാകിസ്ഥാനുമായും ചൈനയുമായും അതിർത്തി പങ്കിടുന്ന പ്രദേശം ഇത്തരത്തിലൊരു അരാജകത്വത്തിലേക്ക് നീങ്ങിയാൽ അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുക തന്നെ ചെയ്യും.







