കെജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌വാളിന് ലഭിച്ചത് ജാമ്യമല്ലെന്നും ഇടക്കാല ആശ്വാസം മാത്രമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അരവിന്ദ് കെജ്‌രിവാൾ ജൂണ്‍ ഒന്നിന് തിരികെ ജയിലിലേക്ക് പോകും. ജനങ്ങള്‍ക്ക് മദ്യ നയ അഴിമതി കേസിനെ കുറിച്ച് ഓര്‍മ്മയുണ്ടെന്നും അമിത്ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പിന് ഒരുപാട് പേര്‍ പ്രചരണത്തിനിറങ്ങുന്നു. അതുപോലെ കെജ്രിവാളും ചെയ്യുന്നുവെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. മദ്യനയ അഴിമതി കേസില്‍ ജയിലിലായിരുന്ന അരവിന്ദ് കെജ്രിവാളിന് ഇന്നലെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്ന് വരെയാണ് കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.

ജൂണ്‍ രണ്ടിന് കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ തിരികെ എത്തണം. വോട്ടെണ്ണല്‍ നടക്കുന്ന ജൂണ്‍ നാല് വരെ കെജ്രിവാള്‍ ജാമ്യം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ജാമ്യത്തില്‍ പുറത്തിറങ്ങിയ കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. തന്റെ ഇനിയുള്ള പോരാട്ടം മോദിക്കെതിരെയാണെന്നും ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.