വിഷപ്പാമ്പ് പരാമര്‍ശം വിനയാകുമോ? കോണ്‍ഗ്രസ് 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന് മോദി; മറുപടിയുമായി ജയറാം രമേശ്

ധ്രുവീകരണത്തിനുള്ള നിലവാരമില്ലാത്ത തന്ത്രങ്ങള്‍ അമിത് ഷാക്കും യോഗിക്കും വിട്ടുകൊടുത്ത ശേഷം മോദി ഇരവാദം ഉന്നയിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. കോണ്‍ഗ്രസ് പല പേരുകള്‍ വിളിച്ച് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനുള്ള മറുപടിയാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

പ്രധാനമന്ത്രിയുടെ കര്‍ണാടകയിലെ പ്രചാരണത്തിന്റെ ആദ്യ ദിനത്തിന്റെ കഥ മൂന്ന് DEകള്‍ ചേര്‍ന്നതാണ്. 1. ഡബിള്‍ എഞ്ചിന്‍ (ഇരട്ട എഞ്ചിന്‍), 2. ഡെസ്പെയര്‍, 3. ഡെസ്പെറേഷന്‍. അദ്ദേഹത്തിന്റെ പ്രസംഗം മുഴുവന്‍ വെറും നാടകം മാത്രമായിരുന്നു.

കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വേണ്ടിയൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ജയറാം രമേശ് പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിയെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് മോദി കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞത്.

ബിദാറിലെ ഹുമനാബാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പരാമര്‍ശം. ഗദകിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു ഖാര്‍ഗെയുടെ വിഷപ്പാമ്പ് പരാമര്‍ശം. ഇത് വിവാദമായതോടെ ബിജെപിയെയാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഖാര്‍ഗെ വിശദീകരിച്ച് എത്തിയിരുന്നു.