ജയ്റാം ഠാക്കൂര്‍ ഹിമാചല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ബിജെപിയുടെ ജയ്റാം ഠാക്കൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന് എത്തിയിരുന്നു.

കോണ്‍ഗ്രസില്‍നിന്ന് ഭരണം തിരിച്ചുപിടിച്ചാണ് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം. സംസ്ഥാനത്തെ ക്രമസമാധാന നില പുനസ്ഥാപിക്കുക, വിഐപി കള്‍ച്ചര്‍ ഇല്ലാതാക്കുക, കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു മാസം നടപ്പാക്കിയ പദ്ധതികളില്‍ പുനരാലോചന നടത്തുക, ചെലവ് ചുരുക്കല്‍ നടത്തുക തുടങ്ങിയവ ആയിരിക്കും തന്റെ സര്‍ക്കാരിന്റെ മുഖ്യ കര്‍മ്മപദ്ധതികള്‍ എന്നാണ് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഠാക്കൂര്‍ പറഞ്ഞത്.

ഹിമാചല്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രഥ് ആണ് ജയ്‌റാം ഠാക്കൂറിന് സത്യവാചകങ്ങള്‍ ചൊല്ലി കൊടുത്തത്. 53 കാരനായ ജയ്‌റാം ഠാക്കൂര്‍ അഞ്ച് തവണ നിയമസഭാ അംഗമായിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പദവിയില്‍ ഠാക്കൂര്‍ ഇതാദ്യമായാണ് എത്തുന്നത്.