ചന്ദ്രബാബു നായിഡുവിന്റെ പ്രജാവേദികയ്ക്ക് പിന്നാലെ സ്വകാര്യവസതിയും ഇടിച്ചു നിരത്താന്‍ ജഗന്‍

ടി.ഡി.പി നേതാവും മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് വീണ്ടും കനത്ത തിരിച്ചടി. നായിഡു എട്ടുകോടിയോളം രൂപ ചെലവഴിച്ചു പണികഴിപ്പിച്ച കോണ്‍ഫറന്‍സ് ഹാള്‍ പൊളിച്ചടുക്കിയതിനു തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ സ്വകാര്യവസതിയും പൊളിച്ചു നീക്കാന്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അനധികൃത നിര്‍മ്മാണമാണെന്നു കണ്ടെത്തിയാല്‍ നായിഡുവിന്റെ സ്വകാര്യവസതിയും പൊളിച്ചു നീക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തോട് വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസും നല്‍കി.

നിലവില്‍ ചന്ദ്രബാബു നായിഡു താമസിക്കുന്നത് എയര്‍ കോസ്റ്റ് ഉടമയായിരുന്ന ലിംഗമനേനിയില്‍ നിന്നും പാട്ടത്തിനെടുത്ത കെട്ടിടത്തിലാണ്. ഹൈദരാബാദില്‍ നിന്ന് അമരാവതിയിലേക്ക് ഭരണകേന്ദ്രം മാറ്റിയതിനു പിന്നാലെ കൃഷ്ണാ നദീ തീരത്തുള്ള വസതിയിലാണ് നായിഡു താമസിച്ചിരുന്നത്.

കൃഷ്ണ നദിയില്‍ നിന്ന് 100 മീറ്ററിനു താഴെ അകലത്തില്‍ പണി കഴിപ്പിച്ചിരിക്കുന്ന 28 കെട്ടിടങ്ങള്‍ക്കും അനധികൃത നിര്‍മ്മാണം ചൂണ്ടിക്കാട്ടി നോട്ടിസ് നല്‍കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. നിര്‍മ്മാണം അനധികൃതമെന്ന് കണ്ടെത്തിയാല്‍ പൊളിച്ചു നീക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് താന്‍ ഉപയോഗിച്ചിരുന്ന പ്രജാവേദിക, പ്രതിപക്ഷനേതാവിന്റെ അനക്‌സ് ആയി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ചന്ദ്രബാബു നായിഡുവിന്റെ അപേക്ഷ തള്ളിയാണ് പ്രജാവേദിക, ജഗന്‍ പൊളിച്ചത്. പാര്‍ട്ടി യോഗങ്ങളുള്‍പ്പെടെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു നായിഡു വസതിയും ഹാളും ഉപയോഗിച്ചിരുന്നത്.

അതേസമയം, ചട്ടവിരുദ്ധമായി കെട്ടിടം പണി കഴിപ്പിച്ചാല്‍ അത് പൊളിച്ചു നീക്കുകയെന്നതു സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്ന് ജഗന്‍ പ്രതികരിച്ചു. ഈ സര്‍ക്കാര്‍ നിയമങ്ങളെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.