2047ല്‍ ഇന്ത്യ വികസിതരാജ്യമാകും, അടുത്ത ഓഗസ്റ്റ് 15നും വികസന നേട്ടം പങ്കുവെക്കാന്‍ ചെങ്കോട്ടയില്‍ എത്തും: നരേന്ദ്ര മോദി

2047ലേക്ക് ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത അഞ്ചു വര്‍ഷത്തില്‍ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും അടുത്ത 25 വര്‍ഷം ഐക്യം എന്ന ആശയത്തിലൂടെ നാം മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2047ലേക്ക് ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ ‘ശ്രേഷ്ഠ ഭാരത്’ എന്ന മന്ത്രത്തിലൂന്നി നാം ജീവിക്കണം. അടുത്ത 25 വര്‍ഷം ഐക്യം എന്ന ആശയത്തിലൂടെ നാം മുന്നോട്ടു പോകണം. രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനായി കഠിനമായി ശ്രമിക്കണം. ലോകത്തിന്റെ സുഹൃത്തായി ഇന്ത്യ വളര്‍ന്നിരിക്കുന്നു. ലോകനന്മയ്ക്കായി ഇന്ത്യ ശക്തമായ അടിത്തറയിടുന്നു.

സ്ത്രീകളുടെ ഉന്നമനമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ യാതൊരു അതിക്രമവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. വികസനമുണ്ടാകുന്നത് വനിതകളുടെ നേതൃത്വത്തിലാകണം. സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളെ അഭിനന്ദിക്കുന്നു, രണ്ടു കോടി സ്ത്രീകളെ ലക്ഷാധപതികളാകാകുകയാണ് എന്റെ ലക്ഷ്യം. കാര്‍ഷിക മേഖലയില്‍ 15,000 സ്ത്രീ സ്വയം സഹായസംഘങ്ങള്‍ക്ക് ഡ്രോണ്‍ നല്‍കും. ഡ്രോണ്‍ ഉപയോഗിക്കാനും അറ്റകുറ്റപ്പണികള്‍ ചെയ്യാനും പരിശീലനം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി പ്രസംഗത്തിലുടനീളം അടുത്ത തിരഞ്ഞെടുപ്പിലും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത ഓഗസ്റ്റ് 15നും വികസന നേട്ടം പങ്കുവെക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.