ഇന്ത്യയിലെ കർഷകരുടെ സാഹചര്യം ആശങ്കാജനകമെന്ന് ജസ്റ്റിൻ ട്രൂഡോ; അറിവില്ലായ്മയെന്ന് കേന്ദ്ര സർക്കാർ

Advertisement

 

ഇന്ത്യയിലെ കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അഭിപ്രായങ്ങൾ അറിവില്ലായ്മയും അനാവശ്യവുമാണെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ കർഷകരുടെ സാഹചര്യം ആശങ്കാജനകമാണെന്നാണ് ജസ്റ്റിൻ ട്രൂഡോ അഭിപ്രായപ്പെട്ടത്.

“കനേഡിയൻ നേതാക്കൾ ഇന്ത്യയിലെ കർഷകരുമായി ബന്ധപ്പെട്ട ചില മോശം അഭിപ്രായങ്ങൾ പറഞ്ഞതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അത്തരം അഭിപ്രായങ്ങൾ അനാവശ്യമാണ്, പ്രത്യേകിച്ചും ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട്, ” ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനകളെ തള്ളി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

“രാഷ്ട്രീയ ആവശ്യങ്ങൾക്കായി നയതന്ത്ര സംഭാഷണങ്ങൾ തെറ്റായി ചിത്രീകരിക്കാതിരിക്കുന്നതാണ് നല്ലത്,” ഇന്ത്യ കടുത്ത സന്ദേശത്തിൽ പറഞ്ഞു.

ഇന്ത്യയിലെ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കിയ കർഷകരെ പിന്തുണച്ച ജസ്റ്റിൻ ട്രൂഡോ, “സമാധാനപരമായ പ്രതിഷേധത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കാനഡ എല്ലായ്പ്പോഴും കൂടെ ഉണ്ടായിരിക്കും” എന്ന് പറഞ്ഞു. കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് അഭിപ്രായം പറയുന്ന ആദ്യത്തെ ലോകനേതാവാണ് 48- കാരനായ ട്രൂഡോ.

“കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ആശങ്കാജനകമാണ്, എല്ലാവരുടെയും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് വളരെയധികം ആശങ്കാകുലരാണ് ഞങ്ങൾ. നിങ്ങളിൽ പലർക്കും ഇത് ഒരു യാഥാർത്ഥ്യമാണെന്ന് എനിക്കറിയാം. ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തട്ടെ, സമാധാനപരമായ പ്രതിഷേധത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കാനഡ എല്ലായ്പ്പോഴും കൂടെ ഉണ്ടാകും,” ഗുരു നാനാക്കിന്റെ 551-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു ഓൺലൈൻ പരിപാടിയിൽ ട്രൂഡോ പറഞ്ഞു. പരിപാടിയിലെ തന്റെ പ്രസംഗത്തിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു.