സാമ്പത്തിക വളര്‍ച്ചാ സൂചിക; ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്കും പാകിസ്താനും ഏറെ പിന്നില്‍

സാമ്പത്തിക വളര്‍ച്ചാ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്കും പാകിസ്താനും ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പട്ടികയില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യ 62ാം സ്ഥാനത്താണുള്ളത്. 103 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ചൈന 26ാം സ്ഥാനത്തും പാകിസ്താന്‍ 47ാം സ്ഥാനത്തുമാണ്. സാമ്പത്തികമേഖലയുടെ വളര്‍ച്ച അടിസ്ഥാനപ്പെടുത്തിയാണ് വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷികപട്ടിക തയ്യാറാക്കുന്നത്.

ജീവിതനിലവാരം, പാരിസ്ഥിതിക സുസ്ഥിരത, ഭാവി തലമുറകള്‍ക്കുണ്ടാവാനിടയുള്ള കടം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് രാജ്യങ്ങള്‍ക്ക് റാങ്ക് നിശ്ചയിച്ചിരിക്കുന്നത്. സാമ്പത്തികമായി വികസിച്ചുകൊണ്ടിരിക്കുന്ന 79 രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ഷം 60ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് ചൈന 15ാം സ്ഥാനത്തും പാകിസ്താന്‍ 52ാം സ്ഥാനത്തുമായിരുന്നു. അപക്വമായ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയെ പിന്നിലാക്കിയതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം.

Read more

പട്ടികയില്‍ ഇക്കുറി ഒന്നാം സ്ഥാനത്തുള്ളത് നോര്‍വേയാണ്. അയര്‍ലന്‍ഡ്,ലക്സംബര്‍ഗ്,സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് റാങ്കുകള്‍ നേടി. ആദ്യ പത്തില്‍ ഇടം നേടിയ യൂറോപ്യന്‍ രാജ്യമല്ലാത്ത ഏക സ്ഥലം ഓസ്‌ട്രേലിയയാണ്. ഓസ്ട്രേലിയക്ക് 9ാം സ്ഥാനമാണുള്ളത്.
ലിത്വാനിയ, ഹംഗറി, അസര്‍ബൈജാന്‍, പോളണ്ട് എന്നിവയാണ് ഒരുവര്‍ഷത്തിനിടെ വലിയതോതില്‍ സാമ്പത്തികവളര്‍ച്ചയുണ്ടായ രാജ്യങ്ങളെന്നും കണക്കുകള്‍ പറയുന്നു.