രാജ്യത്ത് അണ്‍ലോക്ക് 3 ഇന്ന് മുതല്‍; വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കും, മെട്രോ ട്രെയിന്‍ സര്‍വീസുകളില്ല

രാജ്യത്ത് അൺലോക്ക് മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ രാത്രി കർഫ്യൂ ഉണ്ടാകില്ല. ഈ മാസം അഞ്ചാം തിയതി മുതൽ കൂടുതൽ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്. കേന്ദ്ര സർക്കാർ ഇളവുകൾ നൽകിയെങ്കിലും നഗരങ്ങളിൽ ലോക്‌ഡൗൺ നീട്ടാൻ പല സംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 5 മുതൽ ജിംനേഷ്യം,യോഗ കേന്ദ്രങ്ങൾ എന്നിവയ്ക്ക് തുറക്കാം. കടകൾ, ഭക്ഷണശാലകൾ എന്നിവ രാത്രിയും തുറന്നിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെട്രോ, സ്റ്റേഡിയങ്ങൾ, തിയേറ്റർ, ബാർ, ഓഡിറ്റോറിയം, നീന്തൽക്കുളം, പാർക്ക്, സമ്മേളന ഹാൾ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും. അന്താരാഷ്ട്ര വിമാന സർവീസ് വന്ദേ ഭാരത് ദൗത്യം വഴി മാത്രമാണ്. നിയന്ത്രിത മേഖലകളിൽ കർശന നിയന്ത്രണം തുടരും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ അനുവദിക്കും.

വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടം ഇന്ന് തുടങ്ങും. 22 രാജ്യങ്ങളിൽ നിന്നായി 835 വിമാനങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. യുഎഇയിൽ നിന്നാണ് കൂടുതൽ സർവീസുകളും. 341സർവീസുകൾ. കേരളത്തിലേക്ക് ഇത്തവണ 219 വിമാനങ്ങളാണ് ഉള്ളത്. കേരളത്തിലേക്ക്  കൂടുതൽ സർവീസുള്ളതും ഈ ഘട്ടത്തിലാണ്. കഴിഞ്ഞ ഘട്ടത്തിൽ 168 വിമാനങ്ങളാണ്  ഉണ്ടായിരുന്നത്. ഇതുവരെ 2.50 ലക്ഷം ഇന്ത്യാക്കാരെ വന്ദേ ഭാരത് ദൗത്യത്തിലൂടെ രാജ്യത്തേക്ക് എത്തിച്ചുവെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.