രാഹുല്‍ ഗാന്ധി തയ്യാറായില്ലെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ അധ്യക്ഷയാക്കണം; ചിന്തന്‍ ശിബിരത്തില്‍ നേതാക്കള്‍

രാഹുല്‍ ഗാന്ധി അധ്യക്ഷപദവി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് രാജസ്ഥാനില്‍ നടക്കുന്ന ചിന്തിന്‍ ശിബിരത്തില്‍ ആവശ്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണയാണ് ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടിയുടെ ജനപ്രിയ മുഖമാണ് പ്രിയങ്ക ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.

”രണ്ടു വര്‍ഷമായി രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അദ്ദേഹം തയ്യാറല്ലെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ പാര്‍ട്ടിയുടെ അധ്യക്ഷയാക്കണം. അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു ഉന്നയിച്ചതെങ്കിലും ആവശ്യത്തോട് ഇരുവരും പ്രതികരിച്ചില്ല, പിന്നീട് രാജ്യസഭാ എംപി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടപെടുകയായിരുന്നു. ഇതേ ആവശ്യം എം പി ദീപേന്ദര്‍ ഹൂഡയും ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്കാ ഗാന്ധിയെ സംസ്ഥാന തലത്തില്‍ ഒതുങ്ങേണ്ട ആളല്ലെന്നും അവരെ ദേശീയതലത്തിലേക്ക് ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ചിന്തന്‍ ശിബിരത്തിനായി രൂപീകരിച്ച ആറ് സമിതികള്‍ അന്തിമ പ്രമേയങ്ങളില്‍ നിര്‍ണായക നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.