ഹൈദരാബാദ് കൂട്ടബലാത്സംഗ കേസ്; പ്രതികളെ കൊന്നത് വ്യാജ ഏറ്റുമുട്ടലില്‍, പത്ത് പൊലീസുകാര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ ശിപാര്‍ശ

ഹൈദരാബാദില്‍ മൃഗഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്തു കൊന്ന കേസ് പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. 2019 ഡിസംബര്‍ 6നാണ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നത്. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍, അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരായ 10 പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും സമിതിശുപാര്‍ശ ചെയ്തു.

വ്യാജ ഏറ്റമുട്ടലില്‍ മരിച്ച നാലു പ്രതികളില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികളെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ച പൊലീസ് അവിടെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നായിരുന്നു പൊലീസ് വാദം.

മൂന്നംഗ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സീല്‍ വെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിഷയം തുടര്‍ നടപടികള്‍ക്കായി തെലങ്കാന ഹൈകോടതിക്ക് കൈമാറുമെന്നും സുപ്രീം കോടതി അറിയിച്ചു.

Read more

റിപ്പോര്‍ട്ട് സീല്‍ വെച്ച കവറില്‍ തന്നെ സൂക്ഷിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്റെ അഭ്യര്‍ഥന കോടതി അംഗീകരിച്ചില്ല. ഇത് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ്. ഇതില്‍ ഇവിടെ സൂക്ഷിക്കാന്‍ ഒന്നുമില്ല. കമ്മിഷന്‍ ചില തെറ്റുകള്‍ കണ്ടെത്തി. ആ വിഷയം ഹൈകോടതിക്ക് കൈമാറണമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് സൂര്യ കാന്ത്, ഹിമ കോഹ്‌ലി എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.