തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതാവ് കമലേഷ് തിവാരിയെ ലഖ്‌നൗവിൽ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിലെ ഹിന്ദു സമാജ് പാർട്ടി എന്ന രാഷ്ട്രീയ സംഘടനയുടെ നേതാവ് കമലേഷ് തിവാരിയെ ഇന്ന് ഉച്ചയ്ക്ക് ലഖ്‌നൗവിലെ വസതിയിൽ വെടിവച്ച് കൊന്നു. കുങ്കുമ നിറത്തിലുള്ള സ്കാർഫ് ധരിച്ച് എത്തിയ രണ്ടുപേർ ദീപാവലി മധുരപലഹാരങ്ങൾ സമ്മാനിക്കാനെന്ന പേരിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെന്നും വീടിനകത്തു കയറിയ ഇവർ കമലേഷ് തിവാരിയുടെ കഴുത്തറക്കുകയും ശേഷം വെടിയുതിർത്ത ശേഷം രക്ഷപെടുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനിടയിലാണ് തിവാരി മരിച്ചത്. കേസിൽ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, എന്നാൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു പിസ്റ്റൾ കണ്ടെടുത്തു.

രണ്ട് വർഷം മുമ്പാണ് കമലേഷ് തിവാരി ഹിന്ദു സമാജ് പാർട്ടി സ്ഥാപിച്ചത്. മുഹമ്മദ് നബിക്കെതിരെ 2015 ൽ അദ്ദേഹം നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങളും വൻ പ്രതിഷേധങ്ങളും സൃഷ്ടിച്ചു. ഇതുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻ‌എസ്‌എ) കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അലഹബാദ് ഹൈക്കോടതി അടുത്തിടെ ഈ കേസ് റദ്ദാക്കി.

പ്രഥമദൃഷ്ട്യാ കൊലപാതകത്തിന് കാരണം വ്യക്തിപരമായ ശത്രുതയാണെന്നും കൊലയാളികൾ കമലേഷ് തിവാരിക്ക് പരിചയം ഉള്ളവരായിരുന്നു എന്നും പോലീസ് പറയുന്നു. അന്വേഷണത്തിനായി പത്ത് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് ലഖ്‌നൗ പോലീസ് മേധാവി കലാനിധി നൈതാനി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ഈ മാസം ഉത്തർപ്രദേശിൽ നടന്ന നാലാമത്തെ ഞെട്ടിക്കുന്ന സംഭവമാണിത്.

സഹാറൻപൂർ ജില്ലയിലെ പഞ്ചസാര മില്ലിൽ ജോലിക്ക് പോകുന്നതിനിടെ അജ്ഞാതർ ബിജെപിയുടെ കോർപറേഷൻ അംഗം ധാര സിംഗ് (47) നെ അജ്ഞാതർ വെടിവച്ചു കൊന്നിരുന്നു. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ബിജെപി നേതാവും മുൻ വിദ്യാർത്ഥി നേതാവുമായ കബീർ തിവാരിയെ ബസ്തി ജില്ലയിൽ കൊലചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണം വിദ്യാർത്ഥി സംഘത്തെ അക്രമത്തിന് പ്രേരിപ്പിക്കുകയും ഇവർ നിരവധി സർക്കാർ വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. കബീർ തിവാരിയുടെ മരണം ജില്ലാ സൂപ്രണ്ട് പങ്കജ് കുമാറിന്റെ സ്ഥലം മാറ്റത്തിന് ഇടയാക്കി. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.

ഒക്ടോബർ എട്ടിന് ബിജെപി നേതാവ് ചൗധരി യശ്പാൽ സിംഗിനെ ദിയോബന്ദ് ജില്ലയിൽ ബൈക്കിൽ വന്ന അക്രമികൾ വെടിവച്ചു കൊന്നിരുന്നു. ബിജെപിയുടെ മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു യശ്പാൽ സിംഗ്, ജ്യേഷ്ഠൻ ചൗധരി ശിവകുമാർ അവരുടെ സ്വന്തം ഗ്രാമമായ മിരാഗ്പൂരിലെ ഗ്രാമതലവനാണ്.