പ്രതിദിനം ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍, ടെസ്റ്റ് ട്രാക്ക് ട്രീറ്റ് വാക്സിനേഷന്‍ തുടരും; ജാഗ്രത ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളോട് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ ആവശ്യപ്പെടും. പ്രതിദിനം ആയിരത്തിന് മുകളില്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനെ തുടര്‍ന്നാണ് ജാഗ്രത തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ കൃത്യമായ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ലാബ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. ജനിതക ശ്രേണീകരണം നടത്തണം.

ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനും കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ക്രമീകരണം ആശുപത്രികളില്‍ ഏര്‍പ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ആശുപത്രികളില്‍ മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കും. ടെസ്റ്റ് ട്രാക്ക് ട്രീറ്റ് വാക്സിനേഷന്‍ രീതി പിന്തുടരാനും യോഗത്തില്‍ ധാരണയായി. കേരളത്തില്‍ കൊവിഡ് രോഗികളില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി.

Read more

തിരുവനന്തപുരത്തും എറണാകുളത്തുമാണ് കൂടുതല്‍ രോഗികള്‍ ഉള്ളത്. 1026 ആക്ടീവ് കേസുകളില്‍ 111 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. സംസ്ഥാനമാകെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കൊവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നുണ്ടോ എന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ കൂട്ടും.